ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 2023 ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള വാര്‍ത്താ കുറിപ്പില്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം വ്യക്തമാക്കി. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണ സ്ഥാനം നേടിയെന്നും കുറിപ്പില്‍ പറയുന്നു.
ഈ മാസം 23 ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ് വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004 ലാണ് അദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.
രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 1969 ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.