ദുഖ വെള്ളി ഉടമ്പടിയുടെ 25-ാം വാര്‍ഷികം; ചരിത്ര സന്ദർശനത്തിനായി ബൈഡൻ ബെൽഫാസ്റ്റിൽ

ദുഖ വെള്ളി ഉടമ്പടിയുടെ 25-ാം വാര്‍ഷികം; ചരിത്ര സന്ദർശനത്തിനായി ബൈഡൻ ബെൽഫാസ്റ്റിൽ

വാഷിങ്ടണ്‍: ദുഖ വെള്ളി ഉടമ്പടിയുടെ 25-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലെത്തി. എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങിയ ബൈഡനെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സ്വീകരിച്ചു. ഇതിന് ശേഷം റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ജോ ബൈഡന്‍ സന്ദര്‍ശിക്കും.

ചരിത്രപരമായ സമാധാന കരാറിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നാലു ദിവസമാണ് സന്ദര്‍ശനം.
1998 ഏപ്രില്‍ 10ന് ഒപ്പുവച്ച ദുഖവെള്ളി ഉടമ്പടിയിലൂടെയാണ് വടക്കന്‍ അയര്‍ലന്‍ഡിനെ പിടിച്ചുലച്ച മൂന്ന് പതിറ്റാണ്ട് നീണ്ട രക്തച്ചൊരിച്ചില്‍ അവസാനിച്ചത്.

അയര്‍ലന്‍ഡ് ദ്വീപില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് സ്വതന്ത്ര രാജ്യവും വടക്കന്‍ അയര്‍ലന്‍ഡ് യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗവുമാണ്.
1998ല്‍ ഒപ്പുവച്ചതു മുതല്‍ ഉടമ്പടിയിലുണ്ടായ വലിയ പുരോഗതിയെ വൈറ്റ് ഹൗസ് പ്രശംസിച്ചു.

ബ്രിട്ടൺ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയ ബ്രക്സിറ്റിനു ശേഷം വടക്കന്‍ അയര്‍ലന്‍ഡിലെ വ്യാപാര നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പ്രതിഷേധത്തിന്റെ ഭാഗമായി സ്റ്റോര്‍മോണ്ടിലെ ഏറ്റവും വലിയ പാര്‍ട്ടികളിലൊന്നായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

നഗരത്തിലെ പല തെരുവുകളും അടച്ചിട്ടുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശത്തിന് സുരക്ഷ ഒരുക്കിയത്.

ബെല്‍ഫാസ്റ്റിലെ അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ബൈഡന്‍ പ്രസംഗിക്കും. സുരക്ഷാ ആശങ്കകള്‍ക്കിടയിലും ബെല്‍ഫാസ്റ്റിലേക്ക് പോകാന്‍ ബൈഡന്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

വടക്കന്‍ അയര്‍ലൻഡിനെക്കുറിച്ച് ബൈഡന് വലിയ ശ്രദ്ധയുണ്ടെന്നും അവിടത്തെ സമാധാനത്തെയും സമൃദ്ധിയെയും പിന്തുണച്ചതിന്റെ നീണ്ട ചരിത്രമുണ്ടെന്നും കിര്‍ബി പറഞ്ഞു.

തന്റെ ഐറിഷ് വേരുകളെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ബൈഡന്‍ ഐറിഷ് റിപ്പബ്ലിക്കിലും സമയം ചെലവിടും. അവിടെ അദ്ദേഹം ഡബ്ലിനിലും അദ്ദേഹത്തിന്റെ രണ്ട് പൂര്‍വ്വിക ഭവനങ്ങളിലും സന്ദര്‍ശനം നടത്തും.

ബെല്‍ഫാസ്റ്റില്‍ സമാധാന ഉടമ്പടിയുടെ വാര്‍ഷികം ആചരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സമാധാനം സംരക്ഷിക്കുന്നതിനും സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎസിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് തന്റെ സന്ദര്‍ശനമെന്നും ബൈഡന്‍ പറഞ്ഞു.
സഹോദരി വലേരിയും മകന്‍ ഹണ്ടറും  ബൈഡനെ അനുഗമിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.