പ്രകാശ് ജോസഫ്
ഭയം ജനിപ്പിക്കുന്നതും അതിഭാവുകത്വം നിറഞ്ഞതാണെങ്കിലും ക്രൈസ്തവ വിശ്വാസികള്‍ നിശ്ചയമായും കാണേണ്ട ഒന്നാണ് ഏറ്റവും പുതിയ ഹോളിവുഡ് ചിത്രങ്ങളിലൊന്നായ 'ദി പോപ്‌സ് എക്‌സോര്‍സിസ്റ്റ്'. വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന അന്തരിച്ച ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ശ്രദ്ധേയമായ ജീവിതം ആസ്പദമാക്കിയുള്ള സിനിമ കഴിഞ്ഞ ദിവസം പെര്‍ത്തിലെ ഹോയിറ്റ്‌സ് സിനിമാസില്‍ കണ്ടപ്പോള്‍ മികച്ച അനുഭവമായാണ് തോന്നിയത്. കഴിഞ്ഞ ഏഴിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തത്.
'പിശാച് അഥവാ സാത്താന്‍ ഇല്ല എന്നു പറയുന്നതാണ് സാത്താന് ഏറ്റവും പ്രീതികരം' എന്നുള്ള ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ പ്രശസ്തമായ ഉദ്ധരണിയോടെയാണ്, പ്രമുഖ ഹോളിവുഡ് നടന്‍ റസ്സല്‍ ക്രോ മുഖ്യകഥാപാത്രമാകുന്ന ചിത്രം തുടങ്ങുന്നത്. പിശാച് ഇല്ലെന്നും പിശാച് വ്യക്തികളില്‍ ആവസിക്കുന്നത് അസംബന്ധമാണെന്നുമുള്ള ചിലരുടെ മിഥ്യാബോധത്തെയാണ് ഈ സിനിമ പൊളിച്ചടുക്കുന്നത്.
കുമ്പസാരമെന്ന കൂദാശയുടെ ശക്തി എത്ര ശ്രേഷ്ഠമാണെന്ന് ചിത്രം വ്യക്തതയോടെ മനസിലാക്കിത്തരുന്നു. ഓരോ വ്യക്തിയുടെയും പാപാവസ്ഥയെ സാത്താന്‍ വ്യക്തമായി മനസിലാക്കുമെന്നും അതുവഴി വ്യക്തികളെ ആക്രമിക്കാമെന്നുമുള്ള പഠനങ്ങള്‍ക്ക് ചിത്രം അടിവരയിടുന്നുണ്ട്.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റിന്റെ സ്ഥാപകന്‍ കൂടിയായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനെ വളരെ തന്മയത്വത്തോടെയാണ് റസ്സല്‍ ക്രോ അവതരിപ്പിച്ചിരിക്കുന്നത്. കൊമേഴ്‌സ്യല്‍ ഹോളിവുഡ് സിനിമയുടെ എല്ലാ മേമ്പൊടികളും കൃത്യമായി കോര്‍ത്തിണക്കി ആസ്വാദകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ ചിത്രം വിജയിച്ചിട്ടുണ്ട്. സോണി പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഓസ്ട്രേലിയന്‍ തിരക്കഥാകൃത്തും സംവിധായകനുമായ ജൂലിയസ് അവേരിയാണ്. ഐതിഹാസിക ഇറ്റാലിയന്‍ നടനായ ഫ്രാങ്കോ നീറോ മാര്‍പാപ്പയുടെ വേഷത്തിലെത്തുന്നു.
'ഒരു ഭൂതോച്ചാടകന്‍ തന്റെ കഥ പറയുന്നു' (ആന്‍ എക്‌സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി), 'ഒരു ഭൂതോച്ചാടകന്‍: കൂടുതല്‍ കഥകള്‍' (ആന്‍ എക്‌സോര്‍സിസ്റ്റ്‌സ് മോര്‍ സ്റ്റോറീസ്) എന്നീ രണ്ട് ഓര്‍മ്മക്കുറിപ്പുകളിലൂടെ ഫാ. അമോര്‍ത്ത് പൈശാചിക ശക്തികളുമായുള്ള തന്റെ ഏറ്റുമുട്ടലിനെക്കുറിച്ച് നല്‍കുന്ന വിവരണങ്ങളാണ് ചിത്രത്തിന്റെ സ്രോതസ്. 91-ാം വയസില്‍ മരിക്കുന്നതിന് മുമ്പ് ഒരു ലക്ഷത്തോളം ചെറുതും വലുതുമായ ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ രചനകളില്‍ വിവരിച്ചിരിക്കുന്നതിന്റെ ഒരംശം മാത്രമേ സിനിമയില്‍ പ്രതിഫലിക്കുന്നുള്ളൂ എന്നതു മാത്രമാണ് ഇതിനെക്കുറിച്ചുള്ള വിമര്‍ശനമായി പറയാന്‍ കഴിയൂ.
ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്
ക്രിസ്തീയ വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ആധുനിക കാലത്ത്, ദൈവം എന്നതു പോലെ സാത്താന്റെയും അസ്ഥിത്വം, വിശുദ്ധ കുരിശിന്റെ ശക്തി, ക്രിസ്തുനാമത്തിന്റെ ശക്തി, പ്രാര്‍ത്ഥനയുടെ കരുത്ത്, പരിശുദ്ധ മാതാവിന്റെയും മാലാഖമാരുടെയും മാധ്യസ്ഥ ശക്തി തുടങ്ങി നിരവധി കാര്യങ്ങളിലേക്ക് ഈ സിനിമ വെളിച്ചം വീശുന്നുണ്ട്.
യേശുവിന്റെ മനുഷ്യാവതാരം എന്ന വാക്കു കേള്‍ക്കുമ്പോള്‍ പിശാച് അസ്വസ്ഥനാകുന്നത് വളരെയേറെ കൃത്യതയോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. സംഭാഷണങ്ങള്‍ ഇറ്റാലിയനും ഇംഗ്ലീഷും കലര്‍ന്നതാണെങ്കിലും ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള ചിത്രത്തിന്റെ ആശയം കൃത്യമായി സംവേദനം ചെയ്യപ്പെടുന്നു. ഭൂതോച്ചാടനം സംബന്ധിച്ച് സഭാ മേലധികാരികള്‍ക്കിടയിലെ അഭിപ്രായ അനൈക്യത്തിലേക്കും അറിവില്ലായ്മയിലേക്കും സിനിമ വിരല്‍ ചൂണ്ടുന്നുണ്ട്.
അതിഭാവുകത്വവും അമിത ഭാവനയും ചിത്രത്തെ വികലമാക്കിയതായി ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര അസോസിയേഷനും (ഐ.എ.ഇ) വത്തിക്കാനും വിലയിരുത്തുന്നതില്‍ അസ്വാഭാവികത കാണാനാകില്ല. ഭൂതോച്ചാടനത്തെക്കുറിച്ച് അമിത ഭയം ജനിപ്പിക്കുന്നു എന്നതാണ് സിനിമയെക്കുറിച്ചുള്ള മറ്റൊരു വിമര്‍ശനം.
ഹൊറര്‍ രീതിയിലെടുത്ത ചിത്രം അല്‍പം ഭയം ജനിപ്പിക്കുന്നതാണെങ്കിലും കുട്ടികള്‍ ഒഴികെ എല്ലാ വിശ്വാസികളും കാണേണ്ട ചിത്രമാണിത്.
ആരാണ് ഫാ. അമോര്‍ത്ത്?
1925 മെയ് 1ന് ജനിച്ച ഫാ. അമോര്‍ത്ത് 1951 ല്‍ സൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്യാസ സഭയിലെ വൈദികനായി അഭിഷിക്തനായി. 1985 ല്‍ റോമിന്റെ ഭൂതോച്ചാടകനായി നിയമിതനായ ഫാ. അമോര്‍ത്ത് ഭൂതോച്ചാടനങ്ങളിലൂടെയും അതിനെക്കുറിച്ചുള്ള രചനകളിലൂടെയും ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭൂതോച്ചാടകനായി മാറി.
1885 ല്‍ റോമന്‍ രൂപത വികാരി ജനറലായ കര്‍ദ്ദിനാള്‍ യുഗോ പൊളേറ്റി ഫാ. അമോര്‍ത്തിനെ രൂപതയുടെ ഭൂതോച്ചാടകനായി നിയമിച്ചു. പിന്നീട് 2016 ല്‍ 91 മത്തെ വയസില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി അദ്ദേഹം സേവനം ചെയ്തു.
ഭൂതോച്ചാടന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരുമിച്ചുകൂട്ടി 1990 ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോസിസ്റ്റ് എന്ന സംഘടന രൂപീകരിച്ചു. കണക്കുകള്‍ പ്രകാരം 70,000 ഭൂതോച്ചാടനങ്ങള്‍ ഈ വൈദികന്‍ നിര്‍വഹിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.