കൊച്ചി: വന്ദേഭാരത് സര്‍വീസ് ഈ മാസം 25 ന് പ്രധാനമന്ത്രി ഫളാഗ് ഒഫ് ചെയ്യും. പതിനാറ് കോച്ചുള്ള വന്ദേഭാരത് ദിവസം ഒരു സര്‍വ്വീസായിരിക്കും നടത്തുക. രാവിലെ ജനശതാബ്ദിയുടെ സമയമാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. കണ്ണൂര്‍ വരെ എട്ട് സ്റ്റോപ്പുകള്‍ വരെ ഉണ്ടായേക്കാം.
ഇരട്ടപ്പാതയുള്ളതിനാല്‍ കോട്ടയം വഴിയാണ് സര്‍വീസ്. കൊച്ചുവേളിയില്‍ ഇതിനായി രണ്ട് പിറ്റ് ലൈനുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയായി.
മണിക്കൂറില്‍ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറില്‍ 110 കിലോമീറ്ററില്‍ സര്‍വീസ് നടത്താന്‍ ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുകയാണ്. വന്ദേ ഭാരതിന് വഴിയൊരുക്കാന്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ്, കണ്ണൂര്‍ ഭാഗത്തേക്കുള്ള ജനശതാബ്ദി എന്നിവയുടെ റൂട്ട് പരിമിതപ്പെടുത്തി. മാവേലി കൊച്ചുവേളി വരെയും ജനശതാബ്ദി ഷൊര്‍ണ്ണൂര്‍ വരെയും സര്‍വീസ് നടത്തും. നാല് വന്ദേഭാരത് ട്രെയിനുകളാണ് പുതുതായി തുടങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിലാണ്.
വന്ദേ ഭാരത്
ഒരു ട്രെയിനിന് ചെലവ് 97 കോടി
പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍
ഓട്ടോമാറ്റിക് ഡോറുകള്‍, സ്റ്റെപ്പുകള്‍
കോച്ചുകളില്‍ വൈഫൈ, ജി.പി.എസ്
ബയോ വാക്വം ടോയ്‌ലെറ്റ്
200 കൊടും വളവുകള്‍
റെയില്‍പ്പാതയിലെ കൊടും വളവുകളാണ് അതിവേഗ ട്രെയിനുകള്‍ക്ക് കേരളത്തിലെ പ്രധാന തടസം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററില്‍ 620 വളവുകളുണ്ട്. ഇതില്‍ ഇരുന്നൂറോളം കൊടുംവളവുകള്‍ നിവര്‍ത്താനുള്ള സാധ്യതാപഠനം എങ്ങുമെത്തിയില്ല. നിലവിലെ പാളങ്ങളില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ് വേഗത.
വളവുകള്‍ 0.85 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല. വളവുകള്‍ നിവര്‍ത്തുന്നതിനു പകരം നിലവിലെ ഇരട്ട റെയില്‍പ്പാതകള്‍ക്ക് സമാന്തരമായി വളവുകളില്ലാത്ത പുതിയ പാതയിലൂടെ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
ടിക്കറ്റ് നിരക്ക് ഉയരും
തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെ ഏകദേശം 1345 രൂപ ചെയര്‍ കാറിനും 2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാര്‍ജ് വന്നേക്കും. 320 രൂപ കാറ്ററിങ് ചാര്‍ജ് ഉള്‍പ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.
എറണാകുളത്ത് എത്താന്‍ രണ്ടര മണിക്കൂര്‍
നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വേഗതയേറിയ ട്രെയിന്‍ ജനശതാബ്ദിയാണ്. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി 3.17മണിക്കൂറിലും കോട്ടയം വഴി 4.10 മണിക്കൂറിലും എറണാകുളത്തെത്തും. ശരാശരി 70 കിലോമീറ്റര്‍ വേഗത്തിലാണ് ജനശതാബ്ദി ഓടുന്നത്. എന്നാല്‍ വന്ദേഭാരത് 90 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തും. അതായത് തിരുവനന്തപുരത്തു നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് എറണാകുളത്തെത്തും. അഞ്ച് മണിക്കൂറില്‍ കോഴിക്കോട്ടും
ആറുമണിക്കൂറില്‍ കണ്ണൂരിലും എത്തും. ഇപ്പോള്‍ രാജധാനിയാണ് (7.57മണിക്കൂര്‍) ഏറ്റവും വേഗത്തില്‍ കണ്ണൂരിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.