സ്പീക്കര്‍ അടിമുടി ധൂര്‍ത്തനെന്ന് ചെന്നിത്തല

സ്പീക്കര്‍ അടിമുടി  ധൂര്‍ത്തനെന്ന്  ചെന്നിത്തല

കോഴിക്കോട്: സ്പീക്കറുടെ നേതൃത്വത്തില്‍ നിയമസഭയില്‍ നടന്നത് അടിമുടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം ധൂര്‍ത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്തു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങള്‍.

ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല. നിയമസഭാ ഹാള്‍ നവീകരണം, നിയമസഭാ ടിവിയുടെ കണ്‍സള്‍ട്ടന്‍സി നിയമനം, ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ആഘോഷം എന്നിങ്ങനെ അഞ്ച് കാര്യങ്ങളുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയത്.

ഇതൊന്നും ഒരു സഭാ കമ്മിറ്റിയിലും വച്ചിട്ടില്ല. കക്ഷി നേതാക്കളോട് ആലോചിക്കേണ്ടത് സ്പീക്കറാണ്. സംസ്ഥാനത്ത് ഒരു കരാര്‍ നടപടികളുമില്ലാതെ ഊരാളുങ്കലിനെ മാത്രം നിര്‍മാണ ജോലികള്‍ ഏല്‍പ്പിക്കുന്നത് ദുരൂഹമാണ്. നിയമസഭയില്‍ ആലോചിക്കാതെയാണ് എല്ലാം. പരാതി നല്‍കിയപ്പോള്‍ മാത്രമാണ് സഭാ ടിവിയെക്കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ പോലും തയാറായത്.

സ്പീക്കറെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല. പദവി ദുരുപയോഗം ചെയ്ത് ധൂര്‍ത്തു നടത്തരുതെന്ന് പ്രതിപക്ഷം നേരിട്ടു കണ്ടു പറഞ്ഞതാണ്. എന്നിട്ടും പ്രവര്‍ത്തനരീതി മാറ്റാന്‍ സ്പീക്കര്‍ തയാറായില്ല. സ്പീക്കറുടെ നടപടികള്‍ സഭയ്ക്കുംസഭയുടെ അന്തസിനും നിരക്കുന്നതല്ല. ഇപ്പോഴും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. നിഷ്പക്ഷമായിരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയുമോയെന്നും ചെന്നിത്തല ചോദിച്ചു.

സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണ്. അനുമതിയില്ലാതെ യാത്ര നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം അനിവാര്യമാണ്. സ്വര്‍ണക്കടത്ത് ആരോപണത്തില്‍ സ്പീക്കറുടെ പ്രതികരണം ദുര്‍ബലമാണ്. സ്പീക്കര്‍ നേരിട്ട് വിശദീകരിക്കാന്‍ തയാറായില്ല. സ്പീക്കറുടെ ഒഫെിസ് പുറത്തുവിട്ട വിശദീകരണം തൃപ്തികരമല്ല.

ജനങ്ങളെ നേരിട്ടു കാണാന്‍ സ്പീക്കര്‍ക്ക് ധൈര്യമില്ലാത്തതിന്റെ കാരണം എന്താണ്? ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.