കെജരിവാളിനെ വിട്ടയച്ചു: ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍; കേസ് വൃത്തികെട്ട രാഷ്ട്രീയ നാടകത്തിന്റെ ഭാഗമെന്ന് ഡൽഹി മുഖ്യമന്ത്രി

കെജരിവാളിനെ വിട്ടയച്ചു: ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍; കേസ് വൃത്തികെട്ട രാഷ്ട്രീയ നാടകത്തിന്റെ ഭാഗമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കെജരിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് രാത്രിയോടെ ആദ്യദിന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചത്. ആയിരം തവണ വിളിച്ചാലും ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് സിബിഐ ആസ്ഥാനത്തിന് പുറത്തേക്ക് വന്ന കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വൃത്തികെട്ട രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിരുന്നു കേസ്. രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത്. 56 ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. എല്ലാത്തിനും മറുപടി നല്‍കിയെന്നും കെജരിവാള്‍ പറഞ്ഞു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുള്‍പ്പടെയുള്ള നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജരിവാള്‍ സിബിഐ ആസ്ഥാനത്തേക്ക് പോയത്. 

അതേസമയം ചോദ്യം ചെയ്യല്‍ അനിശ്ചിതമായി തുടരുന്നത് കണ്ടതോടെ ഡെല്‍ഹിയില്‍ ആംആദ്മി ആസ്ഥാനത്ത് നേതൃയോഗം ചേര്‍ന്നിരുന്നു. സിബിഐ ആസ്ഥാനത്തിന് പുറത്ത് മന്ത്രിമാരടക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് മന്ത്രിമാരടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതുമൂലം നേതൃയോഗത്തില്‍ പല മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല. 

ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം ഡല്‍ഹിയില്‍ ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാര്‍ അറിയിച്ചു. ഡല്‍ഹി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കി. 

രാജ്ഘട്ടിന് മുന്നില്‍ കെജരിവാളിന്റെ അറസ്റ്റാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ധര്‍ണ നടത്തി. മഹാത്മാഗാന്ധിയെ കെജരിവാള്‍ അപമാനിച്ചെന്നും മദ്യനയത്തിന്റെ സൂത്രധാരന്‍ കെജരിവാളാണെന്നും ബിജെപി ആവര്‍ത്തിച്ചു. മദ്യനയം വഴി മദ്യവ്യവസായികളുണ്ടാക്കിയ 144 കോടിയുടെ കമ്മീഷന്‍ കെജരിവാളിന് പോയെന്നും ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.