ഡബ്ലിന്‍: മസ്തിഷ്‌ക അര്‍ബുദം ബാധിച്ച് മരിച്ച തന്റെ മകന് അന്ത്യകൂദാശ നല്‍കിയ പുരോഹിതനുമായുള്ള കൂടിക്കാഴ്ച്ചയില്‍ കണ്ണീരണിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിെടയാണ് ലോകപ്രശസ്തമായ നോക്ക് ദേവാലയം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ തന്റെ മകന്‍ ബ്യൂ ബൈഡന് അന്ത്യകൂദാശ നല്‍കിയ ഫാ. ഫ്രാങ്ക് ഓ ഗ്രാഡിയെ കണ്ടപ്പോഴാണ് ബൈഡന്‍ പദവികള്‍ മറന്ന് ഒരു സാധാരണ പിതാവിനെപ്പോലെ കണ്ണീരണിഞ്ഞത്.
മുന്‍ യുഎസ് ആര്‍മി ചാപ്ലയിനാണ് ഫാ. ഫ്രാങ്ക് ഓ ഗ്രാഡി. മേരിലാന്റിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ചാപ്ലയിനായി സേവനം ചെയ്യവേ 2015-ലാണ് ബൈഡന്റെ മകന് ഫാ. ഫ്രാങ്ക് ഓ ഗ്രാഡി അന്ത്യകൂദാശ നല്‍കിയത്. മസ്തിഷ്‌ക അര്‍ബുദം ബാധിച്ച് 46-ാം വയസിലാണ് ബൈഡന്റെ മകന്‍ മരിച്ചത്. ബ്യൂ ബൈഡന്റെ അന്ത്യനിമിഷങ്ങളില്‍ പുരോഹിതന്‍ അരികിലുണ്ടായിരുന്നു.
1879-ല്‍ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിന് പേരുകേട്ട നോക്ക് ദേവാലയത്തിലാണ് നിലവില്‍ ഫാ. ഫ്രാങ്ക് സേവനം ചെയ്യുന്നത്.
പ്രസിഡന്റുമായുള്ള ഫാ. ഫ്രാങ്കിന്റെ കൂടിക്കാഴ്ച്ച ഒട്ടും ആസൂത്രിതമല്ലായിരുന്നുവെന്നും യാദൃശ്ചികമായിരുന്നുവെന്നും ഇടവക പുരോഹിതനും നോക്ക് ദേവാലയത്തിന്റെ റെക്ടറുമായ ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ് പറഞ്ഞു. പുരോഹിതനെ കണ്ടത് അവിശ്വസനീയമായിരുന്നുവെന്നും അതൊരു അടയാളം പോലെ അനുഭവപ്പെട്ടതായും ബൈഡന്‍ പിന്നീട് അടുത്തുള്ള ഒരു കത്തീഡ്രലില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബൈഡന്‍ കരയുകയായിരുന്നുവെന്ന് ബി.ബി.സിക്ക് പിന്നീട് നല്‍കിയ അഭിമുഖത്തില്‍ കൂടിക്കാഴ്ച്ചയ്ക്കു സാക്ഷിയായ ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി തങ്ങള്‍ ജപമാലയിലെ ഒരു രഹസ്യം ചൊല്ലി പ്രാര്‍ത്ഥിച്ചു. ബൈഡന്‍ തന്റെ മകനു വേണ്ടി മെഴുകുതിരി കത്തിച്ച് രണ്ടു നിമിഷം മൗനമായി പ്രാര്‍ത്ഥിച്ചു. ബൈഡന്റെ മറ്റൊരു മകന്‍ ഹണ്ടറും ഒപ്പമുണ്ടായിരുന്നു.
തന്നെ കാണാന്‍ ബൈഡന്‍ ആഗ്രഹിച്ചതു തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഫാ. ഫ്രാങ്ക് ഓ ഗ്രാഡിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. 'ബ്യൂ മരിച്ചതിനുശേഷം എട്ട് വര്‍ഷമായി താന്‍ ബൈഡനെ കണ്ടിട്ടില്ല. അതിനാല്‍ ഇത് ഒരു യഥാര്‍ത്ഥ ഒത്തുചേരല്‍ തന്നെയായിരുന്നു. മകന്റെ മരണത്തില്‍ അദ്ദേഹം ഒരുപാട് സങ്കടപ്പെടുന്നുണ്ട്' - ഫാ. ഫ്രാങ്ക് പറഞ്ഞു
1879 ഓഗസ്റ്റ് 21 നാണ് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം ഈ ദേവാലയത്തിലുണ്ടായത്. യൗസേപ്പിതാവും വിശുദ്ധ യോഹന്നാനും മാലാഖമാരും ഈശോയും ദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
പ്രത്യക്ഷീകരണം സംഭവിച്ച പഴയ കല്‍ഭിത്തിയുടെ ഭാഗം ബൈഡന്‍ സ്പര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.