സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാനും ശ്രമം; അതിഖിനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാനും ശ്രമം; അതിഖിനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് അതിഖ് അഹമ്മദ് സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായിരിക്കെയാണ് വീരഗാന്ധിയുടെ ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുക്കാന്‍ അതിഖ് ശ്രമിച്ചതെന്നാണ് കേസ്.

ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2007 ലാണ് സംഭവം. പ്രയാഗ്രാജിലെ ഒരു പ്രമുഖ കുടുംബമാണ് വീരഗാന്ധിയുടേത്. ഫിറോസ് ഗാന്ധിയുടെ കുടുംബത്തില്‍ പെട്ടയാളാണ് വീര ഗാന്ധി. ഉത്തര്‍പ്രദേശ് പ്രയാഗ്രാജിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള സ്വത്ത് അതിഖ് തന്റെ അനുയായികള്‍ വഴി അനധികൃതമായി കൈവശപ്പെടുത്തിയിരുന്നു. ഈ ഭൂമിയുടെ തൊട്ടടുത്തായിരുന്നു വീരഗാന്ധിയുടെ പാലസ് ടാക്കീസ്.

ഈ സമയം സമാജ്വാദി പാര്‍ട്ടിയില്‍ നിന്നുള്ള ഫുല്‍പൂരിലെ എംപിയായിരുന്നു അതിഖ് അഹമ്മദ്. സംഭവത്തിന് ശേഷം അതിഖിനെതിരെ നടപടി ആവശ്യപ്പെട്ട് വീരഗാന്ധി അന്ന് യുപി ഭരിച്ചിരുന്ന എസ്പി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡല്‍ഹിയിലേക്ക് പോകുകയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടുകയും ചെയ്തു. അന്ന് യുപിഎയുടെ അധ്യക്ഷയായിരുന്നു സോണിയ.

സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വീരയ്ക്ക് ഭൂമി തിരികെ ലഭിച്ചത്. വീരഗാന്ധിയുടെ കുടുംബത്തിന് പ്രയാഗ്രാജില്‍ നിരവധി ഭൂമിയുണ്ടെന്ന് മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐജി) ലാല്‍ജി ശുക്ല പറയുന്നു. പാലസ് ടാക്കീസിന് പിന്നിലെ ഭൂമി പിടിച്ചെടുക്കാന്‍ അതിഖ് ആഗ്രഹിച്ചിരുന്നു. ഒരു പരീക്ഷണം എന്ന നിലയിലാണ് അദ്ദേഹം ശ്രമിച്ചത്. വിജയിച്ചിരുന്നെങ്കില്‍ വീരഗാന്ധിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഭൂമികള്‍ പിടിച്ചെടുക്കാന്‍ അതിഖ് ശ്രമിക്കുമായിരുന്നു എന്നും ലാല്‍ജി ശുക്ല പറയുന്നൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.