ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്ന് മലയാളികളടക്കം 561 ഇന്ത്യക്കാരെക്കൂടി ജിദ്ദയിലെത്തിച്ചു

ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്ന് മലയാളികളടക്കം 561 ഇന്ത്യക്കാരെക്കൂടി ജിദ്ദയിലെത്തിച്ചു

ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് മലയാളികളടക്കം 561 ഇന്ത്യക്കാരെ സൈന്യം രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചു. നാവികസേനയുടെ കപ്പലില്‍ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളില്‍ 283 പേരെയുമാണ് എത്തിച്ചത്. ഇവരെ എംബസിക്ക് കീഴിലെ സ്‌കൂളില്‍ താമസിപ്പിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.

കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ മേല്‍നോട്ടത്തില്‍ സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ കാവേരി എന്ന സുഡാന്‍ രക്ഷാദൗത്യം ഇന്ത്യ നടപ്പാക്കുന്നത്. 3000 ത്തോളം ഇന്ത്യക്കാര്‍ സുഡാനില്‍ കഴിയുന്നുണ്ട്. വിദേശികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സുഡാന്‍.

കനത്ത ഏറ്റുമുട്ടലുള്ള സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന് 800 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം സുഡാന്‍ തുറമുഖത്തെത്താന്‍ എന്നതാണ് വലിയ പ്രതിസന്ധി. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുമേധ കപ്പല്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളത്. ജിദ്ദയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ചൊവാഴ്ച രാവിലെയാണ് സുഡാനില്‍ എത്തിയത്. 14 മണിക്കൂര്‍ യാത്ര ചെയ്ത് രാത്രി 10.30 ഓടെ കപ്പല്‍ ഇന്ത്യക്കാരുമായി തിരിച്ച് ജിദ്ദയിലെത്തി.

മലയാളികള്‍ക്ക് പുറമെ തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലില്‍ എത്തിയവരിലുണ്ട്. 16 മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഐഎന്‍എസ് തേജ് എന്ന മറ്റൊരു കപ്പല്‍ ഉടനെ ഇന്ത്യക്കാരുമായി ജിദ്ദയിലെത്തും.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രാജ്യത്തിന്റെ കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. സുഡാനിന്റെ വ്യോമാതിര്‍ത്തി അടച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. നേരത്തെ സൗദി നാവികസേന 66 ഇന്ത്യക്കാരെ രക്ഷപെടുത്തി ജിദ്ദയില്‍ എത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.