അമേരിക്കന്‍ എഴുത്തുകാരി കോടതിയില്‍ മൊഴി നല്‍കി: ട്രംപിന് വീണ്ടും കുരുക്ക്

അമേരിക്കന്‍ എഴുത്തുകാരി കോടതിയില്‍ മൊഴി നല്‍കി: ട്രംപിന് വീണ്ടും കുരുക്ക്

വാഷിങ്ടണ്‍: പീഡനക്കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കന്‍ എഴുത്തുകാരി ഇ. ജീന്‍ കാരോള്‍ മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി.

ട്രംപ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലും കഴിയാത്ത വിധം ഇത് തന്നെ വേട്ടയാടിയെന്നും എഴുത്തുകാരി ജഡ്ജിമാര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി.

1990 കളില്‍ മാന്‍ഹാട്ടനിലെ ഒരു ഡിപ്പാര്‍ട്മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ജീന്‍ കാരോളിനെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2019 ലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍, ട്രംപ് ആരോപണം നിഷേധിച്ചിരുന്നു.

'ട്രംപ് പീഡിപ്പിച്ചതിനാലാണ് എനിക്കിപ്പോള്‍ ഇവിടെ വരേണ്ടി വന്നത്. സംഭവത്തെക്കുറിച്ച് എന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയപ്പോള്‍ അങ്ങനെയുണ്ടായിട്ടില്ലെന്ന് അദേഹം കളവ് പറഞ്ഞു, എനിക്ക് മാനനഷ്ടമുണ്ടാക്കി' -കാരോള്‍ പറഞ്ഞു.

ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് ഒരു സ്ത്രീക്ക് സമ്മാനം വാങ്ങാന്‍ തന്നെ സഹായിക്കണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു. തനിക്ക് സന്തോഷം തോന്നി. ഒരു ഹാന്‍ഡ് ബാഗും തൊപ്പിയും തിരഞ്ഞെടുത്തു. എന്നാല്‍ സ്ത്രീകള്‍ ധരിക്കുന്ന അടിവസ്ത്രമായ ലാന്‍ഷറേ വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.

ലാന്‍ഷറേ ലഭിക്കുന്ന ഭാഗത്തേക്ക് തന്നെ കൊണ്ടുപോയ ട്രംപ്, ഗ്രേ ബ്ലൂ നിറത്തിലുള്ള ഒരെണ്ണം തിരഞ്ഞെടുത്ത ശേഷം അത് ധരിച്ചു വരാന്‍ ആവശ്യപ്പെട്ടു. താനത് നിഷേധിച്ചു. പിന്നീട് ഡ്രസിങ് റൂമിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരത്തിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയാണ്. തന്റെ ട്രൂത്ത് പ്ലാറ്റ്ഫോമിലൂടെ വെളിപ്പെടുത്തല്‍ ട്രംപ് നിഷേധിച്ചിരുന്നു. കരോളിന്റെ ആരോപണം അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രമായിരുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.