പ്രകടന പത്രികയിലും ജനത്തിന് വിശ്വാസമില്ല: മൂന്നാം സര്‍വേയിലും ബിജെപിക്ക് തോല്‍വി; കോണ്‍ഗ്രസ് 119 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചനം

പ്രകടന പത്രികയിലും ജനത്തിന് വിശ്വാസമില്ല: മൂന്നാം സര്‍വേയിലും ബിജെപിക്ക് തോല്‍വി; കോണ്‍ഗ്രസ് 119 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചനം

ബംഗളൂരു: പതിനഞ്ചിന വാഗ്ദാനങ്ങളുമായി ബിജെപി അവതരിപ്പിച്ച പ്രകടന പത്രികയില്‍ ജനത്തിന് വിശ്വാസമില്ലെന്ന് സൂചന നല്‍കി മൂന്നാം സര്‍വേയിലും ബിജെപിക്ക് തോല്‍വി. കര്‍ണാടകയില്‍ 74-86 സീറ്റുകളില്‍ ബിജെപി ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേയുടെ പ്രവചനം. കോണ്‍ഗ്രസ് 119 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ ഫലം പറയുന്നു.

224 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 107 മുതല്‍ 119 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപിയുടെ പ്രകടനം 74-86 സീറ്റുകളില്‍ ഒതുങ്ങും. ജെഡിഎസിന് 23-35 സീറ്റ് കിട്ടിയേക്കും. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ അഞ്ചിടത്ത് ജയിച്ചേക്കാമെന്നും സര്‍വേ ഫലം പറയുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വേയും പ്രവചിച്ചിരുന്നു.

കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് കരുതിയിടത്താണ് ജനക്ഷേമ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഏകീകൃത സിവില്‍ കോഡ്, പൗരത്വ രജിസ്റ്റര്‍ എന്നിവ നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കുന്നു. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കും. ആ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാകും തുടര്‍ തീരുമാനങ്ങളെന്നും പ്രകടന പത്രികയില്‍ പറയുന്നു.

എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ദിവസവും അര ലിറ്റര്‍ നന്ദിനി പാല്‍, ഓരോ വര്‍ഷവും മൂന്ന് പാചകവാതക സിലിണ്ടര്‍, മാസം അഞ്ചുകിലോ ധാന്യം എന്നിവ സൗജന്യമായി നല്‍കുമെന്നും പകടന പത്രികയില്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ ഭക്ഷണം കിട്ടുന്ന അടല്‍ ആഹാര കേന്ദ്ര, എല്ലാ വാര്‍ഡിലും നമ്മ ക്ലിനിക്ക്, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വാര്‍ഷിക സൗജന്യ മെഡിക്കല്‍ ചെക്കപ്പ് എന്നിവയും പ്രകടന പത്രികയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.