സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി; 'കേരള സ്റ്റോറി' പ്രദര്‍ശനം തുടരാമെന്ന് ഹൈക്കോടതി

സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി; 'കേരള സ്റ്റോറി' പ്രദര്‍ശനം തുടരാമെന്ന്  ഹൈക്കോടതി

കൊച്ചി: 'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനം തുടരാമെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശികളായ അഡ്വ. വി.ആര്‍ അനൂപ്, തമന്ന സുല്‍ത്താന, നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റിസ് എന്‍.നാഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കോടതിയെ അറിയിച്ചു.

 'ദി കേരള സ്റ്റോറി' ഒരു ചരിത്ര സിനിമയല്ലെന്നും കഥ മാത്രമല്ലേയെന്നും ഹൈക്കോടതി വാദത്തിനിടെ ചോദിച്ചു.  ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട്  കേരള സമൂഹത്തിന് എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. മതേതര സ്വഭാവമുള്ള കേരള സമൂഹം ചിത്രം സ്വീകരിച്ചോളും.  പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണത്. കേരള സമൂഹം മതേതരമാണെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.

ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായി എന്താണ് സിനിമയില്‍ ഉള്ളതെന്ന് ജസ്റ്റിസ് നാഗരേഷ് ആരാഞ്ഞു. ട്രെയ്ലറില്‍ ഐ.എസിന് എതിരായി ആണ് പരാമര്‍ശങ്ങള്‍. ഇസ്ലാമിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. ട്രെയ്ലര്‍ നവംബറില്‍ പുറത്തു വന്നതാണ്. ഇപ്പോഴാണോ കോടതിയെ സമീപിക്കുന്നതെന്നും ബെഞ്ച് ചോദിച്ചു.

ചിത്രത്തില്‍ മുസ്ലിം സമുദായത്തെ വില്ലനായി ചിത്രീകരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ വച്ച് ഒരു സമൂദായത്തെ മൊത്തം മോശമായി കാണിക്കുകയാണെന്നായിരുന്നി ദവെയുടെ വാദം.

എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ പുനപരിശോധിക്കേണ്ടതില്ലെന്നും ഹര്‍ജികള്‍ തള്ളണമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് നിയമത്തിനെതിരായ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കിയതിന് ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് മുംബൈ റീജിയണല്‍ ഓഫീസര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സെന്‍സര്‍ നിയമ പ്രകാരമാണ് സിനിമക്ക് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ രേഖകളും വിശദമായി പരിശോധിച്ചിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ച സിനിമക്ക് അതേപടി അനുമതി നല്‍കുകയായിരുന്നില്ല. അതില്‍ ചില മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു.

ആ മാറ്റങ്ങളോടുകൂടിയാണ് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പ്രദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തത്. കേരളത്തെ മോശമാക്കുന്നതോ കേരളത്തില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുന്നതോ തരത്തിലുള്ള യാതൊന്നും ചിത്രത്തില്‍ വരരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.