ന്യൂയോര്‍ക്ക്: ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെ, വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് ഓഗസ്റ്റ് ഒന്ന് വരെയാണ് സമയപരിധി നീട്ടിയത്.
അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 25 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. വ്യാപാര ചര്‍ച്ചകളെ തുടര്‍ന്ന് ഈ താരിഫില്‍ മാറ്റം വരാമെന്നും ട്രംപ് സൂചന നല്‍കിയിട്ടുണ്ട്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുവയാണ് ചുമത്തിയത്. അമേരിക്കയുമായുള്ള വ്യാപാര കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് തീരുവ എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മ്യാന്‍മര്‍, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, മലേഷ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ബോസ്നിയ, ഹെര്‍സഗോവിന, ബംഗ്ലാദേശ്, സെര്‍ബിയ, കംബോഡിയ, തായ്‌ലന്‍ഡ് എന്നി പന്ത്രണ്ട് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്താന്‍ പോകുന്ന തീരുവയും അമേരിക്ക പ്രഖ്യാപിച്ചത്.
പുതുക്കിയ താരിഫ്
ദക്ഷിണ കൊറിയ- 25 ശതമാനം
ജപ്പാന്‍- 25 ശതമാനം
മ്യാന്‍മര്‍- 40 ശതമാനം
ലാവോസ്- 40 ശതമാനം
ദക്ഷിണാഫ്രിക്ക- 30 ശതമാനം
കസാഖിസ്ഥാന്‍- 25 ശതമാനം
മലേഷ്യയ്ക്ക് 25 ശതമാനം
ടുണീഷ്യ- 25 ശതമാനം
ഇന്തോനേഷ്യ- 32 ശതമാനം
ബോസ്നിയ, ഹെര്‍സഗോവിന- 30 ശതമാനം
ബംഗ്ലാദേശ്- 35 ശതമാനം
സെര്‍ബിയ- 35 ശതമാനം
കംബോഡിയ- 36 ശതമാനം
തായ്‌ലന്‍ഡ്- 36 ശതമാനം
അതേസമയം ഉല്‍പ്പാദനം യുഎസ് മണ്ണിലേക്ക് മാറ്റുന്ന വിദേശ നിര്‍മാതാക്കള്‍ക്ക് ഇളവ് നല്‍കുമെന്നും ട്രംപ് പറഞ്ഞു. പുതിയ താരിഫ് നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് പതിനാല് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് അയച്ച കത്തുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
2025 ഓഗസ്റ്റ് ഒന്ന് മുതല്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന ജപ്പാന്‍/കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ മാത്രമേ ഈടാക്കൂ. വ്യാപാര കമ്മി അസമത്വം ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണെന്ന് ദയവായി മനസിലാക്കുക എന്ന് ജപ്പാനും കൊറിയയ്ക്കും അയച്ച പ്രത്യേക കത്തുകളില്‍ ട്രംപ് പറഞ്ഞു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഈ രാജ്യങ്ങള്‍ യുഎസിനുമേല്‍ കൂടുതല്‍ തീരുവ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ഇതിനകം പ്രഖ്യാപിച്ച 25 ശതമാനം താരിഫുകള്‍ക്ക് പുറമേ നിരക്കുകളില്‍ ആനുപാതികമായ വര്‍ധന വരുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.