വത്തിക്കാന്‍ സിറ്റി: വിശേഷ ദിവസങ്ങളില്‍ മാത്രം വിശ്വാസം പ്രകടിപ്പിക്കുന്നവരാകാതെ, അനുദിന ജീവിതത്തിലും ദൈവരാജ്യത്തിന്റെ പ്രതിബദ്ധതയുള്ള സാക്ഷികളായി മാറണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഞായറാഴ്ച ത്രികാലജപ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അടിസ്ഥാനമാക്കി സഭയുടെ പ്രേഷിത സ്വഭാവത്തെക്കുറിച്ചാണ് പാപ്പാ ധ്യാന ചിന്തകള്‍ പങ്കുവച്ചത്.
സുവിശേഷത്തിന്റെ സാര്‍വത്രിക മാനത്തെ പ്രതിനിധീകരിക്കാനാണ് യേശു എഴുപത്തിരണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സുവിശേഷം നല്‍കുന്ന പ്രത്യാശ സകല ജനതകള്‍ക്കും വേണ്ടിയുള്ളതാണ്. അത് ദൈവത്തിന്റെ ഹൃദയ വിശാലതയും വിളവിന്റെ സമൃദ്ധിയുമാണ് പ്രതിഫലിപ്പിക്കുന്നത്.
'വിളവധികം, വേലക്കാരോ ചുരുക്കം' എന്ന യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച പാപ്പാ, ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും ആളുകള്‍ ഇന്നും സത്യത്തിന് വേണ്ടി ദാഹിക്കുന്നവരും നിത്യജീവന് വേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ സൂക്ഷിക്കുന്നവരുമാണെന്ന കാര്യം എടുത്തുപറഞ്ഞു.
ദൈവം ഉദാരമതിയായ ഒരു വിതക്കാരനാണ്. പൂര്‍ണമായ രക്ഷയും വിടുതലും പ്രദാനം ചെയ്യുന്ന ഒരു ജീവിതത്തിന് വേണ്ടിയുള്ള ആഗ്രഹം അവിടുന്ന് മനുഷ്യ ഹൃദയങ്ങളില്‍ വിതച്ചിരിക്കുന്നു. എന്നിരുന്നാലും, കൊയ്ത്തിനു പാകമായ നല്ല ധാന്യമണികള്‍ വേര്‍തിരിച്ചറിയുന്നതിന് യേശുവിന്റേതുപോലുള്ള കണ്ണുകള്‍ നമുക്കാവശ്യമാണ്. അങ്ങനെയുള്ളവര്‍ ചുരുക്കമാണെന്നും പപ്പാ പറഞ്ഞു.
വിശ്വാസമുള്ള വേലക്കാരാവുക
വിശ്വാസമെന്നത് കേവലം ബാഹ്യമായ ഒരു മേല്‍വിലാസമല്ല. വിശേഷ ദിവസങ്ങളില്‍ മാത്രം വിശ്വാസം പ്രകടിപ്പിക്കുന്നവരെയല്ല മറിച്ച്, മിഷന്‍ മേഖലകളില്‍ വേല ചെയ്യാന്‍ അതിയായ താല്‍പര്യമുള്ളവരെയും ദൈവരാജ്യത്തിന് എല്ലായിടത്തും സ്‌നേഹത്തോടെ സാക്ഷ്യം വഹിക്കുന്നവരെയുമാണ് സഭയ്ക്കും ലോകത്തിനും ആവശ്യം.
ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ക്ക് ഇടയ്ക്കിടെ മുഖം കാണിക്കുന്ന ക്രിസ്ത്യാനികള്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍ എല്ലാ ദിവസവും ദൈവത്തിന്റെ വയലുകളില്‍ വേല ചെയ്യാന്‍ തയ്യാറാകുന്നവര്‍ വളരെ ചുരുക്കമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
അജപാലന പദ്ധതികളെക്കുറിച്ചുള്ള വളരെയധികം സൈദ്ധാന്തിക ആശയങ്ങളല്ല മറിച്ച്, വിളവിന്റെ നാഥനോടുള്ള പ്രാര്‍ത്ഥനകളാണ് മിഷന് ആവശ്യമായിരിക്കുന്നത്. കര്‍ത്താവുമായുള്ള ബന്ധത്തിന് മുന്‍ഗണന നല്‍കുന്നതും അവിടുത്തോട് സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതുമാണ് ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കാനും ലോകത്തിന്റെ വയലിലേക്ക് അയക്കപ്പെടാനും തയ്യാറുള്ള യഥാര്‍ത്ഥ വേലക്കാരെ രൂപപ്പെടുത്തുന്നതെന്ന് ലിയോ പാപ്പാ ഊന്നിപ്പറഞ്ഞു.
രക്ഷാകര പ്രവൃത്തികളില്‍ പങ്കെടുക്കാന്‍ പൂര്‍ണ സമ്മതം നല്‍കിയ പരിശുദ്ധ കന്യകാമറിയത്തിന് നമ്മെത്തന്നെ ഭരമേല്‍പ്പിക്കാം. ദൈവ രാജ്യത്തിന്റെ ഉത്സാഹമുള്ള വേലക്കാരാകാനും കര്‍ത്താവിനെ അനുഗമിക്കുന്ന പാതകളില്‍ നമ്മോടൊപ്പമായിരിക്കാനും അവളുടെ മാധ്യസ്ഥം തേടി നമുക്കു പ്രാര്‍ത്ഥിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
മാര്‍പാപ്പയുടെ കൂടുതല്‍ ഞായറാഴ്ച സന്ദേശങ്ങള്‍ക്ക് ലിങ്ക് കാണുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.