മണിപ്പൂര്‍ കലാപത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി; ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശം

മണിപ്പൂര്‍ കലാപത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി; ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശം

സംരക്ഷണം, അഭയം, പുനരധിവാസം എന്നിവയാണ് സുപ്രീം കോടതിയുടെ പ്രഥമ പരിഗണനയെന്ന് ചീഫ് ജസ്റ്റിസ്.

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെടുന്നതില്‍ ആശങ്കയറിയിച്ച സുപ്രിം കോടതി ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശം നല്‍കി. കലാപത്തില്‍ നിരവധി ക്രസ്ത്യന്‍ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു.

പുനരധിവാസ കേന്ദ്രങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

മണിപ്പൂരിലെ കലാപത്തില്‍ അറുപത് പേര്‍ക്ക് ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി എന്‍ .ബീരേന്‍ സിംഗ് പറഞ്ഞു. 231 പേര്‍ക്ക് പരിക്കേറ്റതായും 1700 വീടുകള്‍ അഗ്‌നിക്കിരയായതായും ബീരേന്‍ സിംഗ് അറിയിച്ചു. എന്നാല്‍ ഇത് യഥാര്‍ത്ഥ കണക്കല്ലെന്നും സര്‍ക്കാര്‍ പലതും മറച്ചു വയ്ക്കുകയാണെന്നും കലാപത്തിന് ഇരയായവര്‍ ആരോപിച്ചു.

മണിപ്പൂര്‍ സംഘര്‍ഷം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത് വരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. സംരക്ഷണം, അഭയം, പുനരധിവാസം എന്നിവയാണ് സുപ്രീം കോടതിയുടെ പ്രഥമ പരിഗണനയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയതായും സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. ഇതൊരു മാനുഷിക പ്രശ്‌നമായതിനാല്‍ സര്‍ക്കാര്‍ ഉടന്‍ നടപടി എടുത്തേ തീരൂവെന്നും സുപ്രിം കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചത്. ഈ മാസം 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.