അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍വെച്ച് പാക് അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലക്ക് വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം.

അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാന്‍ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടര്‍ന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

മാര്‍ച്ചില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ വീടിന് സമീപം സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വാറന്റ് റദ്ദാക്കണമെന്ന് ഹര്‍ജി നല്‍കിയെങ്കിലും 13ന് മുമ്പ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന്‍ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.

അറസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പി.ടി.ഐ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയില്‍നിന്നു വിലയേറിയ സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റു എന്നതാണ് തോഷഖാന കേസ്.

കഴിഞ്ഞ ഏപ്രിലിലാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായത്. അതിന് ശേഷം ഡസനിലേറെ കേസുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.