ഹമാസിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് പിന്മാറുന്നതു വരെ ഇറാന് മേല്‍ അമേരിക്ക പരമാവധി സമ്മര്‍ദം ചെലുത്തും. മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ വഹിക്കുന്ന പങ്കിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ഇക്കാര്യത്തില്‍ ക്രിയാത്മകമായ പങ്കു വഹിക്കാന്‍ ഖത്തറിനെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ജറുസലേം: ഗാസാ യുദ്ധത്തില്‍ ഇസ്രയേലിന് ശക്തമായ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇസ്രയേലിന് അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്തത്.
മധ്യ പൂര്‍വേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന സായുധ സംഘമായ ഹമാസിനെ ഇല്ലാതാക്കേണ്ടതുണ്ട്. അതുവരെ ഗാസയിലെ ജനങ്ങളുടെ മെച്ചപ്പെട്ട ഭാവിക്ക് തുടക്കം കുറിക്കാനാകില്ല.
ഹമാസിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് പിന്മാറുന്നതു വരെ ഇറാന് മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നത് അമേരിക്ക തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മാര്‍ക്കോ റൂബിയോ പറഞ്ഞു.
അതേസമയം മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ വഹിക്കുന്ന പങ്കിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ക്രിയാത്മകമായ പങ്കു വഹിക്കാന്‍ ഖത്തറിനെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കും.
റൂബിയോയുടെ സന്ദര്‍ശനം അമേരിക്ക ഇസ്രയേലിനൊപ്പം നില കൊള്ളുന്നുവെന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ സുഹൃത്തെന്ന് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിച്ച നെതന്യാഹു, ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലെത്തി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയത്.
തങ്ങളുടെ സഖ്യ കക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് റൂബിയോയും നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍ ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്നും അദേഹം ആവര്‍ത്തിച്ചു.
ഗാസയില്‍ തകര്‍ക്കപ്പെട്ട ബഹുനില കെട്ടിടങ്ങള്‍ ഹമാസിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഗാസയെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നത് ഇസ്രയേല്‍ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. 'നിങ്ങള്‍ക്ക് ഓടുകയോ, ഒളിക്കുകയോ ചെയ്യാം. പക്ഷേ, ഞങ്ങള്‍ നിങ്ങളെ പിടികൂടും' - നെതന്യാഹു പറഞ്ഞു.
അതിനിടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ക്കോ റൂബിയോ ചൊവ്വാഴ്ച ഖത്തര്‍ സന്ദര്‍ശിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേപ്പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.