കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ഉടന്‍; നെഞ്ചിടിപ്പോടെ പാര്‍ട്ടികള്‍

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ഉടന്‍; നെഞ്ചിടിപ്പോടെ പാര്‍ട്ടികള്‍

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ആകെ 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ വേണം. 5.3 കോടി വോട്ടര്‍മാരാണ് വിധിയെഴുതിയത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. തൂക്ക് മന്ത്രിസഭ പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു.

തൂക്ക് സഭയെങ്കില്‍ ഭരണം പിടിക്കാന്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. 28 ലോക്‌സഭാ സീറ്റുകള്‍ ഉള്ള കര്‍ണാടകയിലെ വിജയം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാല്‍ കര്‍ണാടകം തൂത്തുവാരുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. കോണ്‍ഗ്രസ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ മധ്യ കര്‍ണടകയില്‍ ഫലം കണ്ടിട്ടുണ്ട് എന്ന് നേതൃത്വം കരുതുന്നു.

ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ പെട്ട ചിക്കബല്ലാപൂരയിലും രാമനഗരയിലുമെല്ലാം 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതും കാറ്റ് അനുകൂലമായതിന്റെ സൂചനയായാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 90 ഓളം മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്ന നഗര പ്രദേശങ്ങളിലെ മധ്യവര്‍ഗ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നിന്നു എന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

ന്യൂനപക്ഷം, ഒബിസി, എസ് സി, എസ്.ടി എന്നീ വിഭാഗങ്ങളുടെ വോട്ടുകള്‍ കൂടുതലും കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് സര്‍വ്വേ ഫലങ്ങള്‍. കര്‍ണാടകത്തിലെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ലിംഗായത്ത് വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. 1989 വരെ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിന്ന ലിംഗായത്ത് വോട്ടുകളാണ് അതിനു ശേഷം ബിജെപിയുടെ വോട്ടു ബാങ്കായി മാറിയത്.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിമാരായിട്ടുള്ള ബി.എസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ബസവരാജ് ബൊമ്മെ എന്നിവരും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്. ബെലഗാവി, ഹുബ്ബള്ളി ധാര്‍വാഡ്, ഹാവേറി എന്നീ മേഖലകളിലാണ് ലിംഗായത്ത് സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ളത്.

ജനസംഖ്യയുടെ 13 ശതമാനം വരുന്ന വൊക്കലിഗയാണ് കര്‍ണാടകത്തിന്റെ വിധിയെഴുത്തില്‍ നിര്‍ണായക സ്വാധീനമുള്ള മറ്റൊരു സമുദായം. പരമ്പരാഗതമായി വൊക്കലിഗ സമുദായം കോണ്‍ഗ്രസിനും ജനതാദള്‍ എസിനുമൊപ്പം അടിയുറച്ചു നില്‍ക്കുന്നവരാണ്. വൊക്കലിഗ സമുദായത്തില്‍നിന്നുള്ള എച്ച്.ഡി ദേവഗൗഡ, എച്ച്.ഡി കുമാരസ്വാമി, സദാനന്ദ ഗൗഡ എന്നിവര്‍ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറും വൊക്കലിഗ സമുദായത്തില്‍നിന്നുള്ളയാളാണ്. ഓള്‍ഡ് മൈസൂരു, മാണ്ഡ്യ, ഹാസന്‍, മൈസൂരു, തുമുകുരു, ചാമരാജ് നഗര്‍ എന്നിവയാണ് വൊക്കലിഗ സമുദായത്തിന്റെ സ്വാധീന കേന്ദ്രങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.