800 കോടി വർഷം മുൻപ് നടന്ന കോസ്മിക് സ്ഫോടനം കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ സ്ഫോടനമെന്ന് ശാസ്ത്രജ്ഞർ

800 കോടി വർഷം മുൻപ് നടന്ന കോസ്മിക് സ്ഫോടനം കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ സ്ഫോടനമെന്ന് ശാസ്ത്രജ്ഞർ

സതാംപ്ടൺ: ഇതു വരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ കോസ്മിക് സ്ഫോടനം കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞർ. എ.ടി. 2021 എൽ.ഡബ്ല്യു.എക്സ്. എന്നു പേരിട്ട സ്ഫോടനം 800 കോടി പ്രകാശ വർഷം അകലെയാണ് കണ്ടെത്തിയത്. കോസ്മിക് സ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുണ്ട്. സൂര്യനെക്കാൾ 2 ലക്ഷം കോടി മടങ്ങ് പ്രകാശമാനവുമാണ്.

കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി, ഹവായിയിലെ അറ്റ്ലസ് എന്നീ പ്രപഞ്ച നിരീക്ഷണ കേന്ദ്രങ്ങളിൽ 2020 ൽ ആണ് ആദ്യമായി ഇതു കണ്ടെത്തിയത്. ഒരു സൂപ്പർനോവയോ (ജ്യോതിര്‍ഗോളവിസ്‌ഫോടനത്തിന്റെ ഫലമായിത്തെളിയുന്ന നക്ഷത്രം) നക്ഷത്രങ്ങളോ പൊട്ടിത്തെറിക്കുന്നതിനേക്കാൾ പത്തിരട്ടി പ്രകാശമാനമായ സ്ഫോടനം അത്യുഗ്രശേഷിയുള്ള ദൂരദർശിനിയുപയോഗിച്ചാണ് ശാസ്ത്രജ്ഞർ വീക്ഷിച്ചത്. സതാംപ്ടൺ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനുപിന്നിൽ.

ഈ സ്ഫോടനത്തിന്റെ കൃത്യമായ കാരണം മനസ്സിലായിട്ടില്ല. സൂര്യന്റെ ആയിരമിരട്ടി വലുപ്പമുള്ള ഒരു വൻവാതകപടലം അതിപിണ്ഡ തമോഗർത്തത്തിന്റെ സ്വാധീനത്താൽ പൊട്ടിത്തെറിച്ചതാകാം എന്ന് കരുതുന്നു.
800 കോടി പ്രകാശവർഷമകലെയാണ് ഈ പൊട്ടിത്തെറി നടന്നത്. അതായത് 800 കോടി വർഷം മുൻപായിരുന്നു സ്ഫോടനം. അന്ന് പ്രപഞ്ചം രൂപംകൊണ്ടിട്ട് 600 കോടി വർഷമേ ആയിരുന്നുള്ളൂ. ഇത്ര തീവ്രമായ ഒരു പൊട്ടിത്തെറി മുൻപു കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ അറിയിച്ചു.

3 വർഷത്തിലധികം ഇതു നീണ്ടു നിന്നു. കഴിഞ്ഞ വർഷം ഇതിലും പ്രകാശമാനമായ ഒരു പൊട്ടിത്തെറി കണ്ടെത്തിയിരുന്നു. എന്നാൽ അൽപനേരം മാത്രമേ ഇത് നീണ്ടുനിന്നിരുന്നൊള്ളൂ. തങ്ങൾ സൂപ്പർനോവയ്ക്കായി തിരയുമ്പോൾ യാദൃശ്ചികമായാണ് ഇത് കണ്ടെത്തിയതെന്നും മിക്ക സൂപ്പർനോവകളും മങ്ങുന്നതിന് മുമ്പ് കുറച്ച് മാസങ്ങൾ മാത്രമേ നിലനിൽക്കൂവെന്നും ഇംഗ്ലണ്ടിലെ സതാംപ്ടൺ സർവകലാശാലയിലെ റിസർച്ച് ഫെല്ലോ ഡോ. ഫിലിപ്പ് വൈസ്മാൻ പറഞ്ഞു.

ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള നീൽ ഗെഹ്‌റൽസ് സ്വിഫ്റ്റ് ഒബ്‌സർവേറ്ററി, ചിലിയിലെ ന്യൂ ടെക്‌നോളജി ടെലിസ്‌കോപ്പ്, സ്‌പെയിനിലെ ലാ പാൽമയിലെ ഗ്രാൻ ടെലസ്‌കോപ്പിയോ കാനറിയാസ് എന്നിവ ഉപയോഗിച്ച് തുടർ നിരീക്ഷണങ്ങൾ നടത്തി. സ്ഫോടനം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രകാശത്തിന്റെ വ്യത്യസ്ത തരംഗദൈർഘ്യങ്ങൾ ഉപയോ​ഗിച്ച് ഭൂമിയും സ്ഫോടനവും തമ്മിലുള്ള ദൂരം നിർണ്ണയിക്കാൻ ഗവേഷകർക്ക് സാധിച്ചു. വസ്തുവിലേക്കുള്ള ദൂരവും അത് നമുക്ക് എത്ര തെളിച്ചമുള്ളതാണെന്നും അറിഞ്ഞു കഴിഞ്ഞാൽ, വസ്തുവിന്റെ തെളിച്ചം അതിന്റെ ഉറവിടത്തിൽ നിന്ന് കണക്കാക്കാമെന്ന് സാതാംപ്ടൺ സർവകലാശാലയിലെ പ്രൊഫസറായ സെബാസ്റ്റ്യൻ ഹോനിഗ് പറഞ്ഞു.

ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം കഴിഞ്ഞ രണ്ടര വർഷമായി എല്ലാ രാത്രികളിലും സ്ഫോടനം നിരീക്ഷിക്കുന്നുണ്ട്. ഒരു ക്വാസാർ ഉപയോഗിച്ച്, വെളിച്ചം മുകളിലേക്കും താഴേക്കും മിന്നിമറയുന്നത് തങ്ങൾ കാണുന്നു. എന്നാൽ ഒരു ദശാബ്ദത്തിലേറെ നോക്കിയിട്ടും എ.ടി. 2021 എൽ.ഡബ്ല്യു.എക്സ് കണ്ടെത്താനായില്ല, പിന്നീട് അത് പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുക്കളുടെ വെളിച്ചത്തോടെ പ്രത്യക്ഷപ്പെട്ടത് അഭൂതപൂർവമാണെന്ന് സതാംപ്ടൺ സർവകലാശാലയിലെ പ്രൊഫസർ മാർക്ക് സള്ളിവൻ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.