കോണ്‍ഗ്രസ് പടയോട്ടത്തില്‍ ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായി; പരമ്പരാഗത കോട്ടകളിലും ബിജെപിക്ക് വന്‍ തിരിച്ചടി

കോണ്‍ഗ്രസ് പടയോട്ടത്തില്‍ ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായി; പരമ്പരാഗത കോട്ടകളിലും ബിജെപിക്ക് വന്‍ തിരിച്ചടി

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മിന്നുന്ന വിജയം നേടിയപ്പോള്‍ ബിജെപി ശക്തി കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. പരമ്പരാഗതമായി ബിജെപിയ്‌ക്കൊപ്പം നിന്ന വടക്കന്‍ കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയത്.

മേഖലയിലെ 56 ല്‍ 40 സീറ്റും കൈവശം വച്ചിരുന്ന ബിജെപി ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. ലിംഗായത്ത് ശക്തി കേന്ദ്രമായി വടക്കന്‍ കര്‍ണാടകയിലെ തോല്‍വി ബിജെപിയെ അമ്പരപ്പിച്ചു.

ലിംഗായത്ത് സമുദായത്തിന്റെ സാന്നിധ്യം ശക്തമായ ബെലഗാവി, ഉത്തര കര്‍ണാടക, ഹാവേരി, ഗദഗ്, വിജയപുര, ബാഗലോകോട്ട്, ധാര്‍വാഡ് എന്നിവിടങ്ങളില്‍ ബിജെപിയുടെ പരമ്പരാഗത അനുഭാവികളായിരുന്ന സമുദായം ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണച്ചുവെന്നതാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്നും കൂറുമാറിയെത്തിയ പ്രമുഖ ലിംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡില്‍ പരാജയെപ്പെട്ടെങ്കിലും മറ്റൊരു ലിംഗായത്തായ ലക്ഷ്മണ്‍ സാവദി വിജയം കണ്ടു.

ജഗദീഷ് ഷെട്ടാറിന്റെ പരാജയം കോണ്‍ഗ്രസിന് തിരിച്ചടിയായെങ്കിലും അദേഹം ബിജെപി വിട്ട് പാര്‍ട്ടിയില്‍ എത്തിയത് ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ലഭിക്കുന്നതില്‍ കോണ്‍ഗ്രസിനെ കാര്യമായി തന്നെ സഹായിച്ചു. ലിംഗായത്തുകളുടെ അഖിലേന്ത്യാ വീരശൈവ സമുദായവും തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ നല്‍കിയിരുന്നു.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി ബെലഗാവി ജില്ലയിലെ തന്റെ പരമ്പരാഗത സീറ്റായ അത്താണിയില്‍ നിന്നാണ് വിജയിച്ചത്. ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ശക്തനായ നേതാവാണ് സവാദി.

ബിഎല്‍ സന്തോഷ്, ബസവരാജ് ബൊമ്മെ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ സീറ്റ് നല്‍കാതെ ബിജെപിയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമായിരുന്നു.

കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ 78 സീറ്റുകളില്‍ ഫലം നിര്‍ണയിക്കാന്‍ കഴിവുള്ളവരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ 78 ല്‍ 54 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ 19 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

ബി.എസ് യെദ്യൂരപ്പയും നിലവിലെ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെയും സമുദായത്തില്‍ നിന്നുള്ള ഉന്നത നേതാക്കളാണെങ്കിലും യെദ്യൂരപ്പ ഒതുക്കപ്പെടുന്നുവെന്ന വികാരവും ശക്തമായിരുന്നു.2018 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലിംഗായത്ത് ആധിപത്യമുള്ള സീറ്റുകളില്‍ ബിജെപിയുടെ സീറ്റ് 28 ആയി കുറയുകയും കോണ്‍ഗ്രസിന് 29 എണ്ണം വര്‍ധിക്കുകയും ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

പരമ്പരാഗതമായി ബിജെപിക്കൊപ്പം നില്‍ക്കുന്ന ലിംഗായത്തുകളുടെ മനം മാറ്റത്തിനൊപ്പം ജെഡിഎസിനൊപ്പം നില്‍ക്കുന്ന മറ്റൊരു പ്രമുഖ സമുദായമായ വൊക്കലിംഗരേയും വലിയ തോതില്‍ സ്വാധീനിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.