ബംഗളൂരു: ഭരണവിരുധ വികാരം അലയടിച്ച കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി വിട്ട് മത്സരിച്ച് തോറ്റ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം. കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി കാബിനറ്റില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം ആരംഭിച്ചത്.
അടുത്ത മാസം വരുന്ന എംഎല്‍സി സീറ്റുകളിലൊന്ന് ഷെട്ടാറിനു നല്‍കും. ഷെട്ടാറിന്റെ സാന്നിധ്യം മുംബൈ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് വമ്പിച്ച മുന്നേറ്റത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യസഭയ്ക്ക് സമാനമായി കര്‍ണാടകയിലെ ഉപസഭയാണ് കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍.
ഹുബ്ബള്ളി-ധര്‍വാഡ് മണ്ഡലത്തില്‍ മത്സരിച്ച ഷെട്ടാറിന് കനത്ത പരാജയമാണ് ബിജെപിയുടെ മഹേഷ് തെങ്ങിനകൈയോട് നേരിടേണ്ടിവന്നത്. തന്റെ തോല്‍വിക്ക് കാരണം ബിജെപി വോട്ടര്‍മാര്‍ക്ക് പണം വാരിയെറിഞ്ഞതാണെന്നും വോട്ടര്‍മാരില്‍ സമ്മര്‍ദതന്ത്രം പ്രയോഗിച്ചെന്നുമാണ് ഷെട്ടാറിന്റെ ആരോപണം.
'കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിലും താന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തിട്ടില്ല. ആദ്യമായാണ് ബിജെപി സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നത്. താന്‍ പരാജയപ്പെട്ടെങ്കിലും ലിംഗായത്തുകളുടെ വോട്ടുകള്‍ നേടാനായെന്നും കോണ്‍ഗ്രസിന് 20 മുതല്‍ 25 വരെ സീറ്റുകള്‍ നേടാന്‍ സഹായിച്ചെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ബിജെപി തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു കൂടുമാറ്റം. 34,000 വോട്ടിനാണ് ഷെട്ടാര്‍ പരാജയപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.