തമിഴ്‌നാട് വ്യാജ മദ്യ ദുരന്തം; മരണം പതിമൂന്നായി, ഒമ്പത് പേർ‌ അറസ്റ്റിൽ

തമിഴ്‌നാട് വ്യാജ മദ്യ ദുരന്തം; മരണം പതിമൂന്നായി, ഒമ്പത് പേർ‌ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ രണ്ട് വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്. അവശനിലയിലായ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വ്യാജ മദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിന് തെളിവുകൾ കണ്ടെത്താൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

നിലവിൽ 24 ഓളം ആളുകൾ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ഇരകൾ എറ്റനോൾ-മെഥനോൾ പദാർത്ഥം കലർന്ന വ്യാജ മദ്യം കഴിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (നോർത്ത്) എൻ കണ്ണൻ പറഞ്ഞു.

നേരത്തെ ചെങ്കൽപട്ട് ജില്ലയിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരിൽ നാല് പേർ ചികിത്സയ്ക്കിടെ മരിച്ചു. പ്രതികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് കേസുകളിലും വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ച മദ്യമാണ് ഉപയോഗിച്ചിരിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു. മരക്കാനം ഇൻസ്പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് വിങ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.