സോണിയ വിളിച്ചു, ഡി.കെ ഡല്‍ഹിയ്ക്ക്; കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

 സോണിയ വിളിച്ചു, ഡി.കെ ഡല്‍ഹിയ്ക്ക്; കര്‍ണാടക മുഖ്യമന്ത്രിയെ  ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ മുന്‍ നിലപാട് മാറ്റി ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലെത്തും. അനുനയിപ്പിക്കാനായി സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ ശിവകുമാറിനെ കാണും.

എഐസിസി നിരീക്ഷകര്‍ ഇന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തും. പിന്നീട് സിദ്ധരാമയ്യ, ശിവകുമാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഗാന്ധി കുടുംബവുമായി കൂടിയാലോചിച്ച ശേഷമാകും മുഖ്യമന്ത്രി പദത്തില്‍ ഖാര്‍ഗെ തീരുമാനം പ്രഖ്യാപിക്കുക.

ബംഗലൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ 85 പേര്‍ സിദ്ധരാമയ്യയെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 എംഎല്‍എമാരാണ് ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായം അറിയിച്ചത്. ആറു എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടും അറിയിച്ചുവെന്നാണ് നിരീക്ഷകര്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഇടഞ്ഞു നില്‍ക്കുന്ന ശിവകുമാര്‍ ഇന്നലെ വൈകുന്നേരം ഡല്‍ഹിക്ക് പോകുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ആരോഗ്യ ്രപശ്നങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര റദ്ദാക്കുകയായിരുന്നു. സോണിയ ഗാന്ധി വിളിച്ചതിന് പിന്നാലെയാണ് ഡി.കെ ഇന്ന് ഡല്‍ഹിക്ക് പോകാന്‍ തയ്യാറായതെന്നാണ് വിവരം.

കര്‍ണാടക പിസിസി പ്രസിഡന്റ് സ്ഥാനത്തോടൊപ്പം ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പും നല്‍കി ശിവകുമാറിനെ അനുനയിപ്പിക്കാനാണ് ശ്രമം തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.