ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയ പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ കടുത്ത നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.
ആദ്യ രണ്ട് വര്‍ഷം തനിക്ക് നല്‍കണമെന്നാണ് ശിവകുമാര്‍ ഇപ്പോള്‍ ആവശ്യമുന്നയിച്ചിട്ടുള്ളത്. ഛത്തീസ്ഗഡില്‍ വിജയിച്ചപ്പോള്‍ പിസിസി പ്രസിഡന്റായ ഭൂപേഷ് ബാഗേലിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌ന പരിഹാരത്തിനായി സിദ്ധരാമയ്യയുമായും ശിവകുമാറുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തും.
ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഉടന്‍ തീരുമാനമെടുക്കണമെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിയില്‍ തുടരുന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.
അതേസമയം കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി അമ്മയാണെന്നാണ് ശിവകുമാര്‍ പറഞ്ഞത്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ വെല്ലുവിളി ഉയര്‍ത്തും. കാല താമസം ഉണ്ടാകുമെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്.
പാര്‍ട്ടി ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് അധികാരം കിട്ടില്ലെന്നാണ് ഭൂരിപക്ഷം മാധ്യമങ്ങളും പറഞ്ഞത്. എന്നാല്‍ 135 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഈ വിഷയവും രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
സോണിയാ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതോടെ ശിവകുമാര്‍ നിലപാടില്‍ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കള്‍ കരുതുന്നത്. ഇപ്പോള്‍ ഷിംലയിലുള്ള സോണിയ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമാകും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.