ബംഗളൂരു: രണ്ടാം വട്ടം കര്‍ണാടക മുഖ്യമന്ത്രിയാകുന്ന സിദ്ധരാമയ്യ തികച്ചും വേറിട്ട വ്യക്തിപ്രഭാവം കൊണ്ടാണ് കന്നഡ മക്കള്‍ക്ക് സര്‍വ സമ്മതനായത്. എളിമയുള്ള ജീവിത ശൈലി, ആകര്‍ഷക പെരുമാറ്റം, ഉറച്ച തീരുമാനങ്ങള്‍... ഇവയൊക്കെയാണ് സിദ്ധരാമയ്യയെ വ്യത്യസ്തനും പ്രിയങ്കരനുമാക്കുന്നത്.
സിദ്ധദേവന ഹുണ്ഡിയില്‍ 1948 ഓഗസ്റ്റ് രണ്ടിനാണ് ജനനം. കര്‍ഷകനായ സിദ്ധരാമെ ഗൗഡയുടെയും ബൊറമ്മയുടെയും ആറു മക്കളില്‍ നാലാമന്‍. പത്തു വയസുവരെ പേരുപോലും ഇട്ടിരുന്നില്ല. കന്നഡയില്‍ ചെക്കന്‍ എന്ന് അര്‍ത്ഥം വരുന്ന 'ഉഡുക' എന്നാണ് വിളിച്ചിരുന്നത്. സ്‌കൂളില്‍ ചേരുന്നതിന് പകരം വീരണ്ണകുനിത എന്ന നാടോടി നൃത്തം പഠിക്കാനാണ് പോയത്.
ഇതിനിടെ നാട്ടുക്ഷേത്രത്തില്‍ വച്ച് ഒരു സന്യാസിയെ കണ്ടത് ജാതകം മാറ്റി. നന്നായി സംസാരിക്കുന്ന കുട്ടിയോട് സന്യാസി പേരു ചോദിച്ചു. പേരില്ലെന്ന മറുപടി കേട്ട് ഒരു നിമിഷം ആലോചിച്ച സന്യാസി, ക്ഷേത്രത്തില്‍ സിദ്ധരാമന്റെ പ്രതിഷ്ഠയല്ലേ, നീ സിദ്ധരാമയ്യ ആണെന്നു പറഞ്ഞു. അങ്ങനെ 'ഉഡുക' സിദ്ധരാമയ്യ ആയി. സന്യാസിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌കൂളിലും ചേര്‍ന്നു. പത്ത് വയസായതിനാല്‍ നേരിട്ട് അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചു.
പിന്നീട് ബി.എസ്.സിയും എല്‍.എല്‍.ബിയും പാസായി മൈസൂര്‍ കോടതിയില്‍ അഭിഭാഷകനായി. തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം. ലിംഗായത്തും വൊക്കലിഗയും അടക്കി വാഴുന്ന കന്നഡ രാഷ്ട്രീയത്തില്‍ പിന്നാക്ക കുറുബ സമുദായത്തില്‍ നിന്നാണ് സിദ്ധരാമയ്യയുടെ വളര്‍ച്ച.
ഭാരതീയ ലോക്ദളിലൂടെ 1983 ല്‍ ചാമുണ്ഡേശ്വരി എംഎല്‍എയായി. തുടര്‍ന്ന് ജനതാ പാര്‍ട്ടിയിലെത്തി. 1985 ല്‍ ഹെഗ്ഡെ മന്ത്രിസഭയില്‍ അംഗം. 1992 ല്‍ ജനതാദള്‍ സെക്രട്ടറി ജനറലായി. 1994 ലെ ദേവഗൗഡ മന്ത്രിസഭയില്‍ ധനമന്ത്രി. 1996 ല്‍ ജെ.എച്ച് പാട്ടീല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി. ദള്‍ പിളര്‍ന്നതോടെ ദേവഗൗഡ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി.
2004 ലെ കോണ്‍ഗ്രസ്- ദള്‍ സഖ്യ സര്‍ക്കാരില്‍ രണ്ടാം തവണ ഉപമുഖ്യമന്ത്രിയായി. 2005 ല്‍ ദള്‍ വിട്ടു. പിന്നീട് അഹിന്ദ എന്ന പേരില്‍ ദളിത്, പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മയുണ്ടാക്കി.
വൈകാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2008 ല്‍ വരുണയില്‍ നിന്ന് അഞ്ചാം തവണ നിയമസഭയിലെത്തിയപ്പോള്‍ ലഭിച്ചത് പ്രതിപക്ഷ നേതൃസ്ഥാനം. 2013 ല്‍ മുഖ്യമന്ത്രിയായി. 2019 ല്‍ വീണ്ടും പ്രതിപക്ഷ നേതാവ്. 2023 ല്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.