ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി 2022 മെയ് മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് സത്യേന്ദർ ജെയിൻ. ആറാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചത്. ഈ കാലയളവിൽ സത്യേന്ദർ ജെയിന് താൽപ്പര്യമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാം. വിചാരണക്കോടതിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ജാമ്യം. ഒരു വിഷയത്തിലും എന്തെങ്കിലും തരത്തിൽ പ്രസ്താവന നടത്താനോ മാധ്യമങ്ങളെ സമീപിക്കാനോ പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
സത്യേന്ദർ ജെയിനെ ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സിക്കാമെന്ന ഇ ഡി നിർദേശം സുപ്രീം കോടതി അംഗീകരിച്ചില്ല. ഈ ഹർജി പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സത്യേന്ദർ ജെയിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ജൂലൈ 11ന് വിഷയം ബെഞ്ച് വീണ്ടും പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v