പൂജാരിമാരില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങി പ്രധാനമന്ത്രി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച

പൂജാരിമാരില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങി പ്രധാനമന്ത്രി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ചരിത്ര പ്രാധാന്യമുള്ള ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറ്റുവാങ്ങി. ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റുവാങ്ങിയ സ്വര്‍ണച്ചെങ്കോല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് കൈമാറിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൈമാറ്റം നടന്നത്. ഇന്ത്യയുടെ പരമാധികാരത്തിന്റെ ഓര്‍മ്മപ്പെടുത്തലായി സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോല്‍ സ്ഥാപിക്കും.

നെഹ്‌റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലാണ് ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ രാജാജിയുടെ താത്പര്യപ്രകാരം തമിഴ്‌നാട്ടിലാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്. അധികാര കൈമാറ്റം എങ്ങനെയാവണമെന്ന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിനോട് ചോദിച്ചതാണ് ചെങ്കോലിന്റെ പിറവിയിലേയ്ക്ക് നയിച്ചത്.

അന്നത്തെ മദ്രാസില്‍ ജൂവലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് തിരുവുടുതുറൈ മഠാധിപതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചെങ്കോല്‍ നിര്‍മിച്ചത്. വെള്ളിയില്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയ ചെങ്കോലിന്റെ അഗ്രത്തില്‍ പരമശിവന്റെ വാഹനമായ നന്ദിയുണ്ട്. ഞായറാഴ്ച്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.