അവസാന പന്തില്‍ ഗുജറാത്തിനെ തകര്‍ത്തു; ചെന്നൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

അവസാന പന്തില്‍ ഗുജറാത്തിനെ തകര്‍ത്തു; ചെന്നൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ട് കലാശപ്പോരാട്ടത്തിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹര്‍ദിക് പാണ്ഡ്യയും സംഘവും 20 ഓവറുകളില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. കനത്ത മഴ കാരണം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ ഐ.പി.എല്‍ ഫൈനലില്‍ വീണ്ടും മഴ കളിച്ചതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയ ലക്ഷ്യം മഴ നിയമ പ്രകാരം 15 ഓവറില്‍ 171 റണ്‍സാക്കി ചുരുക്കിയിരുന്നു.

അവസാന പന്തുവരെ നീണ്ട ആവേശപ്പോരില്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈക്കായി വിജയ റണ്‍ നേടിയത്. അവസാന രണ്ട് പന്തുകളില്‍ വേണ്ടത് പത്ത് റണ്‍സ്. അപകടകാരിയായ മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്സും ഫോറുമടിച്ചാണ് ജഡേജ ചെന്നൈക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ശിവം ധുബേ 21 പന്തുകളില്‍ 32 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

മികച്ച തുടക്കമാണ് ചെന്നൈക്ക് ഓപ്പണര്‍മാരായ റുതുരാജും (16 പന്തില്‍ 26) ഡിവോണ്‍ കോണ്‍വേയും (25 പന്തില്‍ 47) നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത് 74 റണ്‍സായിരുന്നു. എന്നാല്‍, നൂര്‍ മുഹമ്മദ് ഇരു താരങ്ങളെയും ഏഴാമത്തെ ഓവറില്‍ പുറത്താക്കി. തുടര്‍ന്നെത്തിയ ശിവം ധുബേ അജിന്‍ക്യ രഹാനെ (13 പന്തില്‍ 27) എന്നിവര്‍ ആഞ്ഞടിച്ചതോടെ സ്‌കോര്‍ വീണ്ടും ഉയര്‍ന്നു.

എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈയെ തകര്‍ത്തെറിഞ്ഞ മോഹിത് ശര്‍മ വീണ്ടും ആളിക്കത്തിയതോടെ ചെന്നൈയുടെ വിക്കറ്റുകള്‍ ഒരോന്നായി വീണു. രഹാനെ, അമ്പാട്ടി റായിഡു (എട്ട് പന്തുകളില്‍ 19) സംപൂജ്യനായി എം.എസ് ധോണി എന്നിവരെ മോഹിത് ശര്‍മ പുറത്താക്കി. എന്നാല്‍, ധുബേയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ചെന്നൈയെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

സെഞ്ച്വറിയുടെ നാല് റണ്‍സ് അകലെ എല്‍.ബി.ഡബ്ല്യൂവില്‍ കുടുങ്ങിയ സായ് സുദര്‍ശന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 47 പന്തുകളില്‍ ആറ് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും (54) ശുഭ്മാന്‍ ഗില്ലും (39) ചേര്‍ന്നായിരുന്നു ഗംഭീര തുടക്കം നല്‍കിയത്. അഞ്ചാമനായി ഇറങ്ങിയ റാഷിദ് ഖാന്‍ റണ്‍സൊന്നും എടുക്കാതെ മടങ്ങി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.