കാട്ടാനകളും കാട്ടുപോത്തുകളും വാഴുന്ന കേരളം

കാട്ടാനകളും കാട്ടുപോത്തുകളും വാഴുന്ന കേരളം

കൊച്ചി: കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായി മനുഷ്യ - വന്യ ജീവി സംഘർഷങ്ങൾ മാറിയിരിക്കുന്നു. മനുഷ്യ ജീവൻ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരിനു ചിലപ്പോൾ വന്യ മൃഗങ്ങളെ വകവരുത്തുന്നതടക്കമുളള തീരുമാനങ്ങൾ എടുക്കേണ്ടിവരാം. ഇതിനെതിരെ മൗലിക വാദപരമായി പരിസ്ഥിതി സ്നേഹം പറഞ്ഞിട്ടു കാര്യമല്ല. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് വന്യ ജീവികളുടെ ആക്രമണത്തിൽ 637 പേർ കൊല്ലപ്പെട്ടു. ദുരിതം നേരിടുന്നവരിൽ ഭൂരിപക്ഷവും ആദിവാസികളും കർഷകത്തൊഴിലാളികളും ദരിദ്ര കർഷകരുമാണെന്നതും മറക്കാനാകില്ല.

കേരളത്തിലെ വനം വകുപ്പ് ഉറങ്ങുകയാണോ?

വന്യ മൃഗ ആക്രമണത്തെത്തുടർന്നുള്ള പരാതികളുമായെത്തുന്ന കർഷകരോടുള്ള വനം വകുപ്പിന്റെ സമീപനം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്ന പരാതികൾ നിരവധിയാണ്. നഷ്ട പരിഹാരം ആവശ്യപ്പെടുന്നവരുടെ ക്ലെയിമുകൾ ഏതെങ്കിലും വിധത്തിൽ സാങ്കേതിക - ഇതര കാരണങ്ങൾ ഉന്നയിച്ച് റദ്ദ് ചെയ്യാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വന്യ ജീവികളുടെ ആക്രമണത്തെത്തുടർന്ന് അപകടങ്ങളിൽ പെടുന്നവർ, ആനയടക്കമുള്ള ജീവികൾക്ക് മുന്നിൽ പെട്ട് പ്രാണ രക്ഷാർത്ഥം തിരിഞ്ഞോടുമ്പോൾ അപകടത്തിൽ പെട്ട് മരിക്കുന്നവർ, പരിക്കേൽക്കുന്നവർ ഇങ്ങനെയുള്ളവർക്കൊന്നും പലപ്പോഴും നഷ്ട പരിഹാരം ലഭിക്കാറില്ല. വിള നാശം സംഭവിച്ച സ്ഥലങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വന്ന് തെളിവെടുത്ത ശേഷം കർഷകരുടെ നഷ്ടം സാക്ഷ്യപ്പെടുത്തണമെന്നാണ്. എന്നാൽ ആഴ്ചകളോളം ഉദ്യോഗസ്ഥർ വരാതിരിക്കുന്നത് മൂലം വന്യ ജീവി ആക്രമണത്തിന്റെ തെളിവുകൾ ഇല്ലാതാകും. ഇത്തരത്തിൽ പല രീതിയിലും കർഷകരെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നുണ്ട്.

വന നിയമങ്ങൾ പൊളിച്ചെഴുതണം

കേരളത്തിലെ വനം വകുപ്പ് നിയമങ്ങള്‍ ജനങ്ങള്‍ക്ക് എതിരാകുകയും വന്യ മൃഗങ്ങള്‍ക്ക് അനുകൂലമാകുകയും ചെയ്യുമ്പോൾ കേരളത്തിൽ മൃഗാധിപത്യമാണോയെന്ന് സാധാരണ മനുഷ്യർ ചിന്തിച്ചു പോകുന്നതിൽ അതിശയോക്തിയില്ല. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പോലും മനുഷ്യന് കഴിയാത്ത വിധത്തില്‍ കേരളത്തിലെ വന നിയമങ്ങള്‍ മനുഷ്യരെ ദുര്‍ബലരാക്കിയിരിക്കുന്നു. പ്രതികരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത വിധത്തില്‍ നിയമങ്ങള്‍ മനുഷ്യന് കൂച്ചു വിലങ്ങിട്ടിരിക്കുകയാണ്. നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങള്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുതെന്നു നിര്‍ബന്ധം പുലര്‍ത്തുന്ന അധികാരികള്‍ മനുഷ്യര്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ആശങ്കപെടുന്നില്ല.

കടിക്കാന്‍ വരുന്ന വിഷ പാമ്പില്‍ നിന്നും രക്ഷ നേടാന്‍ ഒരു കല്ലെടുത്തെറിഞ്ഞാല്‍ പാമ്പിനെ ആക്രമിച്ചു എന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരം ജയിലിലാക്കുന്ന നാടാണു കേരളം. കടിക്കാന്‍ വരുന്ന തെരുവു നായക്കെതിരെ വടിയെടുത്താലും ഇതു തന്നെയാണു ഗതി. പുലി പിടിക്കാന്‍ വന്നാല്‍ പൂര്‍ണ്ണ മനസ്സോടെ നിന്നു കൊടുത്തു കൊള്ളണം. മനുഷ്യര്‍ കാട്ടു പന്നിയെ പിടിച്ചാല്‍ ജാമ്യമില്ലാക്കുറ്റം; ജീവ പര്യന്തം തടവും കിട്ടും.

ആരിക്കൊമ്പനും കാട്ടു പോത്തും സൂപ്പർ ഹീറോകൾ

കാട്ടാനകളായ അരിക്കൊമ്പനും ചക്കകൊമ്പനും വന്നാല്‍ കണ്ടില്ലെന്ന് നടിക്കണം? കാട്ടു പോത്തുകൾക്ക് ആരെയും ഇടിച്ചു കൊല്ലാം. കേരളത്തില്‍ മൃഗാധിപത്യമോ മനുഷ്യാധിപത്യമോ? മലയോര മേഖലയില്‍ സാധാരണ മനുഷ്യര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കൃഷിയിടങ്ങള്‍ മുഴുവന്‍ കാട്ടു പന്നി മുതല്‍ കാട്ടാനവരെയുള്ള എണ്ണിയൊലൊടുങ്ങാത്ത കാട്ടു മൃഗങ്ങള്‍ തകര്‍ക്കുന്നു, ചവുട്ടിയരക്കുന്നു. പുലിയും കടുവയും ഇറങ്ങി മനുഷ്യരെ തിന്നുന്നു. വനം വകുപ്പിനും സര്‍ക്കാരിനും ഒരു കുലുക്കവുമില്ല, സാധാരണ മനുഷ്യന്റെ കണ്ണു നീരിനും വിയര്‍പ്പിനും യാതൊരു വിലയുമില്ല. എന്നാല്‍ മൃഗങ്ങളുടെയും വിഷ പാമ്പുകളുടെയും കാര്യത്തിലോ? എന്തൊരു ജാഗ്രത? എന്തൊരു സ്നേഹം? അതു കൊണ്ടാണ് നാട്ടില്‍ മനുഷ്യാധിപത്യത്തിനു പകരം മൃഗാധിപത്യം നടപ്പിലായോ എന്ന സംശയം ഉയരുന്നുണ്ട്.

റബ്ബര്‍ മരങ്ങൾ ഇഷ്ടപ്പെടുന്ന കൊമ്പൻമാർ

12 - 15 വയസ്സ് പ്രായമുള്ള റബ്ബര്‍ മരത്തിന്റെ തൊലിയുള്‍പ്പെടെയാണ് അടുത്ത കാലത്തായി കാട്ടാനകളുടെ ഭക്ഷണങ്ങളുടെ പട്ടികയിലിടം പിടിച്ച വസ്തുക്കളിലൊന്ന്. ആനക്കൂട്ടം റബ്ബര്‍ മരത്തിന്റെ തൊലിയും ഭക്ഷണമാക്കി മാറ്റുന്നുണ്ടെന്ന് മനുഷ്യ വന്യ ജീവി സംഘര്‍ഷം സംബന്ധിച്ച് കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴില്‍ ഗവേഷണം നടത്തിയ ഒരാളുടെ പഠനത്തിലുണ്ട്. മഴ കാലത്തും വേനല്‍ കാലത്തുമെല്ലാം ആനക്കൂട്ടം ഇത്തരത്തില്‍ റബ്ബര്‍ മരത്തൊലി ഭക്ഷണമാക്കാനായി കാടിറങ്ങുന്നുണ്ട്. ആനക്കൂട്ടം ഇത്തരത്തില്‍ റബ്ബര്‍ മരങ്ങള്‍ തീറ്റക്കു വേണ്ടി കൂടി ഉപയോഗിച്ചു തുടങ്ങിയതോടെ ഏക്കര്‍ കണക്കിന് റബ്ബർ തോട്ടങ്ങളിലാണ് വലിയ നാശം സംഭവിച്ചിട്ടുള്ളത്.

കർഷകർക്ക് നീതി ലഭിക്കുമോ?

നമ്മുടെ പ്രകൃതിയും വനവുമൊക്കെ സംരക്ഷിക്കപ്പെടണം; മൃഗ സമ്പത്തും സംരക്ഷിക്കപ്പെടണം. സംശയമില്ല ഈ ഭൂമി മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല. ഒക്കെ സത്യം തന്നെ. എന്നാൽ മനുഷ്യര്‍ക്കും അവരവര്‍ക്ക് അര്‍ഹമായ നീതി ലഭിക്കേണ്ടേ? കടുവ മനുഷ്യനെ തിന്നാല്‍ എന്തു ചെയ്യും? അതൊരു കാട്ടു മൃഗമല്ലേ എന്നാണ് സാധാരണ വിശദീ കരണം. ഇതിന്റെ അര്‍ത്ഥം കാട്ടു മൃഗങ്ങളെ യഥേഷ്ടം വേട്ടയാടാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടെന്നല്ല. സന്തുലിതമായ അവസ്ഥയാണുണ്ടാകേണ്ടത്. അരിക്കൊമ്പൻ നാടു വാഴാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കാട്ടു പോത്തുകൾ നാട്ടിൽ യഥേഷ്ടം വിഹരിക്കുന്നു. ആളുകളെ കൊല്ലുന്നു. ഈ ഭൂമിയുടെ അവകാശികളായ മനുഷ്യര്‍ക്കും അവരവര്‍ക്ക് അര്‍ഹമായ ജീവിക്കാനുള്ള സാഹചര്യമുണ്ടാകേണ്ടേ? കൃഷിയിടങ്ങള്‍ ചവുട്ടി മെതിക്കുന്ന ആന കൂട്ടങ്ങള്‍ക്കും കുത്തി മറിക്കുന്ന കാട്ടു പന്നികള്‍ക്കും ഒപ്പമാണോ നമ്മുടെ പൊതുബോധം? നിയമവും നിയമ പാലകരും കര്‍ഷകനെതിരാണെന്ന അവബോധം ഇന്ന് സമൂഹത്തിലുണ്ട്.

സർക്കാർ ഫയലുകളിൽ മാത്രം ഉറങ്ങുന്ന വന പരിപാലന പദ്ധതികൾ

വന്യ ജീവികള്‍ മൂലമുണ്ടാകുന്ന കൃഷി നാശത്തിനും ആള്‍ നാശത്തിനും നഷ്ട പരിഹാരം നല്‍കാന്‍ 1980ലെ നിയമ മനുസരിച്ച്‌ വനം വകുപ്പ് ബാധ്യസ്ഥമാണെങ്കിലും മിക്കപ്പോഴും യഥാസമയം അവ ലഭിക്കാറില്ല. വന്യ മൃഗശല്യം നേരിടാനായി പ്രഖ്യാപിക്കാറുള്ള കോടികളുടെ പദ്ധതികളില്‍ ഏറെയും ഫയലില്‍ ഉറങ്ങുകയാണ്. ദയവായി സർക്കാരേ, നിങ്ങള്‍ ഫയലില്‍ നിന്നും വയലിലേക്കിറങ്ങുക; കര്‍ഷകന്റെ ദുരിതം നേരിട്ടറിയുക. ഫയലില്‍ പലതും കുറിച്ചാല്‍ അത് മണ്ണില്‍ മുളയ്ക്കില്ല. മണ്ണില്‍ മുള പൊട്ടാന്‍ കര്‍ഷകന്‍ വേണം; അവന്റെ വിയര്‍പ്പു വേണം. എസി മുറിയിലിരുന്ന് മൃഗ സ്‌നേഹം വിളമ്പുന്നവര്‍ക്ക് വിയര്‍ക്കുന്ന കര്‍ഷകന്റെ ആത്മാര്‍ത്ഥത തിരിച്ചറിയാനാവില്ല.

കേരളത്തിലെ ഇരുനൂറോളം പഞ്ചായത്തുകളിലായി മുപ്പത് ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ന് വന്യ മൃഗ ആക്രമണ ഭീതിയിൽ കഴിയുന്നത്. വന്യ ജീവി ആക്രമണങ്ങളിൽ നിന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ സർക്കാർ വകയിരുത്തുണ്ട്. എന്നിട്ടും ജന വാസ മേഖലയിലേക്കുള്ള വന്യ മൃഗങ്ങളുടെ കടന്നുവരവിനെ തടയാൻ ഇതുവരെ വനം വകുപ്പിന് സാധിച്ചിട്ടില്ല. വൻ തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശ നഷ്ടങ്ങൾ മലയോരങ്ങളിൽ സംഭവിച്ചിട്ടും കാര്യമായ ആക്ഷൻ പ്ലാനിലേക്ക് സർക്കാർ സംവിധാനങ്ങൾ ഇനിയും കടന്നിട്ടില്ല. പലതും ഫയലുകളിൽ ഉറങ്ങുന്നു.

വന്യ മൃഗ ആക്രമണങ്ങളുടെ ഭീതി ജനകമായ കണക്കുകൾ  

പത്ത് വര്‍ഷത്തിനകം വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 മടങ്ങും ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം 30 മടങ്ങും വര്‍ധിച്ചതായി കണക്കുകള്‍ കാണിക്കുന്നു.

കണക്കുകളുടെ ശരാശരി നോക്കുമ്പോൾ, കേരളത്തിൽ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാൾ വീതം വന്യ മൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേർക്ക് വീതം ആക്രമണങ്ങളിൽ പരിക്കേൽക്കുന്നുണ്ട്. 34875 വന്യ ജീവി ആക്രമണങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

 ഇത്രയധികം ജീവ ഹാനിയും വിഭവ നാശവും സൃഷ്ടിക്കുന്ന, ലക്ഷ കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഒരു പ്രശ്‌നത്തെ നമ്മുടെ ഭരണകൂടം ഇനിയും വേണ്ട വിധത്തിൽ കണക്കിലെടുത്തിട്ടില്ല എന്നർത്ഥം.

 കേരളത്തിൽ മൃഗാധിപത്യമോ?

ക്രമാതീതമായി പെരുകുന്ന വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങള്‍ ചെയ്യുന്ന നടപടികള്‍ നമ്മുടെ കണ്‍ മുമ്പിലുണ്ട്. വന്യ ജീവികള്‍ കേന്ദ്ര നിയമത്തിന്റെ പരിധിയിലാണെന്നു പറഞ്ഞു സംസ്ഥാന ഗവണ്‍മെന്റ് പ്രസ്താവനകള്‍ ഇറക്കി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ വന നിയമങ്ങളിലും സമീപനങ്ങളിലും പൊളിച്ചെഴുത്തലുകള്‍ അനിവാര്യമായിരിക്കുകയാണ്.

കേരളത്തില്‍ വന വിസ്തൃതി കൂടുന്നു; വന്യ മൃഗങ്ങള്‍ വര്‍ദ്ധിക്കുന്നു! വന മേഖലയ്ക്കും പ്രകൃതിക്കും താങ്ങാവുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഈ വര്‍ദ്ധന.

ചില പ്രത്യേക വിഭാഗം ജീവികള്‍ ക്രമാതീതമായി പെറ്റു പെരുകുമ്പോള്‍ മനുഷ്യനു മാത്രമല്ല, മറ്റു ജീവികളുടെ നിലനില്പും ചോദ്യം ചെയ്യപ്പെടും. വന്യ മൃഗങ്ങൾ ആവാസ വ്യവസ്ഥക്കു താങ്ങാവുന്നതിലും അപ്പുറത്തേക്ക് പെരുകുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വിശുദ്ധമാണ് ഇത്തരം പെറ്റു പെരുകല്‍. പല യൂറോപ്യന്‍ രാജ്യങ്ങളിലും പരിധി വിട്ട് പെരുകുന്ന ജീവി വര്‍ഗ്ഗങ്ങളുടെ എണ്ണം കുറയാക്കാന്‍ നടപടി സ്വീകരിക്കാറുണ്ട്. കേരളവും ഈ വഴിക്കു ചിന്തിക്കണം. കാട്ടു പന്നിയും വിഷ പാമ്പുകളും മാത്രം നിറഞ്ഞ കേരളമല്ല നമുക്ക് വേണ്ടത്. ഓരോ ജീവിക്കും പ്രകൃതിയില്‍ തുല്യാവകാശമുണ്ട്.

നാടിന്റെ സമ്പത്താണ് വന്യ മൃഗങ്ങള്‍. അവയെ സംരക്ഷിക്കേണ്ടത് ആവശ്യം തന്നെ. എന്നാല്‍ വന്യ ജീവികളുടെ ആക്രമണം മൂലം ജീവിതം ദുസ്സഹമാകുന്ന കര്‍ഷകരുടെ സുരക്ഷയും കൃഷികളുടെ സംരക്ഷണവും ഉറപ്പ് വരുത്താനുള്ള ബാധ്യതയും സര്‍ക്കാറിനില്ലേ? വനം, വന്യ ജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായി ഭേദഗതി വരുത്തുകയും മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.