കോറമണ്ഡല്‍ ലൂപ്പ് ട്രാക്കിലേക്ക് കയറിയതെങ്ങനെ?.. മഹാദുരന്തം സിഗ്നല്‍ പിഴവിലെന്ന് പ്രഥമിക നിഗമനം

കോറമണ്ഡല്‍ ലൂപ്പ് ട്രാക്കിലേക്ക് കയറിയതെങ്ങനെ?.. മഹാദുരന്തം സിഗ്നല്‍ പിഴവിലെന്ന് പ്രഥമിക നിഗമനം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്‌നല്‍ സംവിധാനത്തിലെ ഗുരുതര പിഴവെന്ന് സൂചന. റെയില്‍വേ ബോര്‍ഡിന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് സിഗ്‌നല്‍ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ചരക്ക് വണ്ടി ലൂപ്പ് ട്രാക്കില്‍ പിടിച്ചിട്ട ശേഷമാണ് കോറമണ്ഡലിന് സിഗ്നല്‍ നല്‍കിയത്. മെയിന്‍ ലൈനിലൂടെ മുന്നോട്ടു പോകേണ്ട ട്രെയിന്‍ ലൂപ്പ് ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. തെറ്റായി ലൂപ്പിലേക്ക് ട്രെയിന്‍ കയറണമെങ്കില്‍ തെറ്റായ സിഗ്‌നല്‍ വന്നിട്ടുണ്ടാകും. ട്രാക്ക് സ്വിച്ച് ചെയ്തപ്പോഴുണ്ടായ പിഴവാകാം കാരണമെന്നും വിലയിരുത്തപ്പെടുന്നു.

ടേണ്‍ ഔട്ടുകള്‍ ക്രമീകരിക്കുന്ന പോയിന്റ് മെഷിന്‍ ശരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ല എന്നാണ് മറ്റൊരു നിഗമനം. വയറിങ്ങില്‍ ഉണ്ടായ തകരാര്‍ കാരണം അങ്ങനെ സംഭവിക്കാം. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ശരിയായ പരിശോധനകള്‍ നടത്തിയിട്ടുണ്ടാവില്ല. 288 പേരുടെ ജീവനെടുക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മഹാ ദുരന്തത്തെപ്പറ്റി റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരന്തത്തിനിരയായ കോറമണ്ഡല്‍ എക്സ്പ്രസില്‍ 1257 റിസര്‍വ്ഡ് യാത്രക്കാരും ഹൗറ എക്‌സ് പ്രസില്‍ 1039 റിസര്‍വ്ഡ് യാത്രക്കാരും ഉണ്ടായിരുന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരുടെ എണ്ണം ലഭ്യമല്ല. അപകടത്തിന് ഇരയായവരിലേറെയും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരാണ്. ബംഗാളില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും വരികയായിരുന്ന തൊഴിലാളികളാണ് കൂടുതലും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.