വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കുന്ന മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ലോക സമ്മേളനം ജൂൺ പത്തിന് നടക്കും. മാർപാപ്പയോടൊപ്പം സമാധനത്തിനുള്ള നോബൽ സമ്മാനം നേടിയ മുപ്പത് ജേതാക്കൾ പങ്കെടുക്കുന്നത് ഈ പരിപാടിയുടെ സവിശേഷതയാണ്. ലോകമെമ്പാടുമുള്ള കലാകാരന്മാർ, യുവജനങ്ങൾ, ജീവകാരുണ്യ പ്രവർത്തകർ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
മാർപ്പാപ്പയുടെ ചാക്രിക ലേഖനമായ ഫ്രത്തെല്ലി തൂത്തിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ലോക മീറ്റിംഗായ 'ഒറ്റയ്ക്കല്ല' എന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള കലാകാരന്മാർ, യുവജനങ്ങൾ, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസിൽ നടത്തിയ പത്ര സമ്മേളനത്തിൽ കർദ്ദിനാൾ മൗറോ ഗാംബെറ്റി അറിയിച്ചു.
സാഹോദര്യത്തിന്റെ അനുഭവം
സാഹോദര്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രക്രിയയായി വിഭാവനം ചെയ്ത പരിപാടി രണ്ട് ഭാഗങ്ങളായാണ് നടത്തപ്പെടുക. രാവിലെ അഞ്ചിന് വർക്കിംഗ് ഗ്രൂപ്പുകൾ വത്തിക്കാനിൽ യോഗം ചേരും. നോബൽ സമ്മാന ജേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, സ്കൂൾ കുട്ടികൾ എന്നിവർ സാഹോദര്യം എന്ന വിഷയത്തെക്കുറിച്ച് യോഗത്തിൽ സംസാരിക്കും.
ഉച്ചകഴിഞ്ഞ് നാലിന് ആഘോഷത്തിന്റെയും ഐക്യത്തിന്റെയും പരിപാടി അരങ്ങേറും. ആൻഡ്രിയ ബോസെല്ലിയും മിസ്റ്റർ റെയ്‌നും ഉൾപ്പെടെയുള്ള പ്രശസ്ത ഗായകർ ഗാനങ്ങൾ അവതരിപ്പിക്കും. പരിസ്ഥിതി പ്രവർത്തകരും, ജീവകാരുണ്യ പ്രവർത്തകരും അവരുടെ കഥകൾ പങ്കിടും. കൂടാതെ ലോകമെമ്പാടുമുള്ള മറ്റ് സ്ഥലങ്ങളിലുള്ളവർ (കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, എത്യോപ്യ, അർജന്റീന, ജപ്പാൻ, പെറു, ജറുസലേം, കൂടാതെ അയോണിയൻ കടലിലെ ഒരു റെസ്ക്യൂ കപ്പലിൽ) തത്സമയ ലിങ്ക് വഴി സ്വന്തം അനുഭവങ്ങൾ വിവരിക്കും.
അപരിചിതനെ സ്വാഗതം ചെയ്യുന്നു
ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി യോഗത്തിൽ സംസാരിക്കും. മനുഷ്യ സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാർപ്പാപ്പയുടെ അഭ്യർത്ഥനയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന് ഗ്രാൻഡി പറഞ്ഞു. സംഘർഷങ്ങളാൽ തകർന്ന ഒരു ലോകത്ത് എല്ലാ മനുഷ്യരാശിയുടെയും നന്മയ്ക്കായി ഈ സന്ദേശം സ്വാഗതം ചെയ്യണം.
അഭയാർത്ഥികളെ സഹോദരീ സഹോദരന്മാരായി സ്വാഗതം ചെയ്യുന്ന നിരവധി സമൂഹങ്ങൾ ഇന്ന് ഉണ്ടെന്നും നമ്മുടെ സമൂഹങ്ങളെ വളർത്തിയെടുക്കാൻ ഒരുമിച്ച് പരിശ്രമിക്കുന്നുണ്ടെന്നും ഗ്രാൻഡി കൂട്ടിച്ചേർത്തു. 103 ദശലക്ഷത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള ശക്തമായ ഐക്യദാർഢ്യത്തിന്റെ തുടക്കമാണ് "ഒറ്റയ്ക്കല്ല" എന്ന പരിപാടി എന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മാർപ്പാപ്പയുടെ പങ്ക്
ഫ്രാൻസിസ് മാർപാപ്പ വൈകുന്നേരം ആറിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെത്തി അവിടെ കൂടിയവരെയും വീഡിയോ ലിങ്ക് വഴി ചേരുന്നവരെയും അഭിവാദ്യം ചെയ്യും. രാവിലത്തെ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്ന് ഉയർന്നുവന്ന കാര്യങ്ങൾ ചർച്ച ചെയ്യും, നൊബേൽ ജേതാക്കളുടെ ഗ്രൂപ്പിന്റെ പ്രതിനിധികളായ മുഹമ്മദ് യൂനുസ്, നാദിയ മുറാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അവർ സാഹോദര്യത്തെക്കുറിച്ചുള്ള ഒരു രേഖ അവതരിപ്പിക്കുകയും അതിൽ ഒരു ബില്യൺ ഒപ്പുകൾ ശേഖരിക്കുന്നതിനുള്ള കാമ്പെയ്‌ൻ ആരംഭിക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.