ന്യൂഡല്‍ഹി: ദേവാലയം ബലമായി അടച്ചു പൂട്ടണമെന്ന ഭീഷണിയുമായെത്തിയ തീവ്ര ഹിന്ദുത്വ വാദികള്‍ വൈദികനെ മര്‍ദ്ദിച്ചു. ഗുരുഗ്രാം ജില്ലയില്‍ ഖേര്‍ക്കി ദൗലയിലെ സെന്റ് ജോസഫ് വാസ് കത്തോലിക്ക മിഷന്‍ ദേവാലയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
രാവിലെ 10 ന് ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാന കഴിഞ്ഞ ഉടന്‍ കാവി ഷാളുകള്‍ ധരിച്ച ഇരുപത്തിയഞ്ചംഗ സംഘം ബൈക്കുകളിലും കാറുകളിലുമായി ദേവാലയത്തില്‍ എത്തി. ത്രിശൂലങ്ങളും വാളുകളുമായെത്തിയ സംഘം, ഇടവക വികാരി ഫാ. അമല്‍രാജിന്റെ കരണത്തടിക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹിന്ദു സേനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞ അക്രമികള്‍ ഈ ഗ്രാമത്തില്‍ ക്രൈസ്തവ ദേവാലയം അനുവദിക്കില്ലെന്ന് ആക്രോശിച്ചു. പിന്നീട് വൈദികനെ മര്‍ദ്ദിക്കുകയായിരുന്നു. വിവരങ്ങള്‍ അതിരൂപത കാര്യാലയത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വികാര്‍ ജനറാള്‍ ഫാ. വിന്‍സെന്റ് ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം ഖേര്‍കി ദൗല ഗ്രാമം സന്ദര്‍ശിച്ചു.
വ്യാവസായിക കേന്ദ്രമായ മാനേസറിനടുത്ത് വാടകക്കെടുത്ത സ്ഥലത്ത് 2021 ലാണ് ടിന്‍ ഷീറ്റ് ഉപയോഗിച്ച് ഈ ദേവാലയം നിര്‍മിച്ചത്. ഹിന്ദി സംസാരിക്കുന്ന 40 കുടുംബങ്ങളും ഇംഗ്ലീഷ് സംസാരിക്കുന്ന 25 കുടുംബങ്ങളുമാണ് ഇടവകയില്‍ ഉള്ളത്. സ്ഥലത്തിന്റെ ഉടമയെ ഹിന്ദുത്വ വാദികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥലം ഒഴിഞ്ഞു പോകണമെന്ന് സ്ഥല ഉടമ അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു.
മറ്റൊരു സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരെയുള്ള ഫാറൂഖ് നഗറിലെ ദേവാലയം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ഗ്രാമ മുഖ്യന്‍മാരും ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ഗോ രക്ഷക് തുടങ്ങിയ സംഘടനകളില്‍പ്പെട്ടവരും രംഗത്തെത്തി.
2020 ലാണ് ഇവിടെ ചെറു ദേവാലയം നിര്‍മിച്ചത്. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേവാലയം നിര്‍മിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ച രേഖകള്‍ അതിരൂപത അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഡല്‍ഹി അതിരൂപതയില്‍പ്പെട്ടതാണ് രണ്ട് ദേവാലയങ്ങളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v