'താങ്കള്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സമാധാനം എവിടെ'? അമിത് ഷായുടെ വസതിക്ക് മുന്നില്‍ കുക്കി വനിതാ ഫോറത്തിന്റെ പ്രതിഷേധം

'താങ്കള്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സമാധാനം എവിടെ'? അമിത് ഷായുടെ വസതിക്ക് മുന്നില്‍ കുക്കി വനിതാ ഫോറത്തിന്റെ പ്രതിഷേധം

ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷം അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുക്കി വനിതാ ഫോറം. ആഭ്യന്തര മന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും വനിതാ ഫോറം ആവശ്യപ്പെട്ടു.

'അമിത് ഷാ താങ്കള്‍ ഞങ്ങള്‍ക്ക് സമാധാനം വാഗ്ദാനം ചെയ്തു. പക്ഷേ എവിടെ സമാധാനം? മുഖ്യമന്ത്രി ബിരേന്‍ സിങ് സ്വേച്ഛാധിപതിയാണ്' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് കുക്കി വനിതാ ഫോറം അമിത് ഷായുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയത്.

സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപം വ്യാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയായിട്ടുണ്ട്. മുന്‍പ് കലാപം നടന്ന സ്ഥലങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് രാത്രികളിലും സൈന്യവും കലാപകാരികളും തമ്മില്‍ വെടിവെയ്പുണ്ടായെന്നും സൈന്യം ഫലപ്രദമായി ചെറുത്തെന്നും ആര്‍മി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അസം റൈഫിള്‍സില്‍ ഉള്‍പ്പെട്ട രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപം ഉണ്ടായാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നു.

ജനവികാരം എതിരായതിനാല്‍ മുഖ്യമന്ത്രിയുടെ നില തന്നെ പരുങ്ങലിലാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയം അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം മണിപ്പൂരില്‍ നിന്നുള്ള നാഗ എംഎല്‍എമാരുടെ സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ടങ്കിലും അമിത് ഷായുമായി കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ടുകളില്ല. മെയ്‌തേയി, കുക്കി വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിനൊപ്പം മുഖ്യമന്ത്രി ബിരേന്‍ സിങിനെ മാറ്റണമെന്ന് നാഗ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.