തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പ്രതികള്‍ നാലരലക്ഷം രൂപ വീതം പിഴയും ഒടുക്കണം.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
സംഭവത്തില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ജൂണ്‍ 21 നാണ് കേസിന് ആസ്പദമായി സംഭവം നടക്കുന്നത്. ഒന്നാം പ്രതിയായ അഖില്‍ കാമുകിയായ രാഖിയെ വീട്ടില്‍ എത്തിച്ച് സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു കുറ്റപത്രം.
അഖിലും രാഖിയും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റാരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇത് രാഖി എതിര്‍ത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ജൂണ്‍ 21 ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്നു പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി. പുതിയതായി നിര്‍മിക്കുന്ന വീടു കാണിക്കാനെന്ന് പറഞ്ഞാണ് രാഖിയെ അമ്പൂരിയിലെത്തിച്ചത്.
ആളൊഴിഞ്ഞ പ്രദേശത്തുവച്ച് രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. ഇതിനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനുമായി മൂന്നു ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.