കോട്ടയം: ക്രൈസ്തവ സമൂഹത്തിനെതിരായ ഗൂഢനീക്കങ്ങൾക്കെതിരേ കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും യുവദീപ്തി-എസ്എംവൈഎം യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന റാലിയിൽ ആയിരങ്ങള്‍ അണിചേര്‍ന്നു.
കഴിഞ്ഞ ദിവസം മരിച്ച അമൽജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിനെ അനുസ്മരിച്ചുള്ള പ്രാർഥനയോടെയാണ് റാലി ആരംഭിച്ചത്. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച റാലി കുരിശുങ്കൽ ജംഗ്ഷൻ, പേട്ടക്കവല വഴി പഴയപള്ളി ഗ്രൗണ്ടിൽ സമാപിച്ചു.
ക്രൈസ്തവ സമൂഹത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് റാലിയില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്. എല്ലാ വിഭാഗങ്ങൾക്കും ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും സംഘടിത ആക്രമണങ്ങള്‍ ചെറുക്കണമെന്നും റാലിയില്‍ ആവശ്യം ഉയര്‍ന്നു.
സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവരെയും ആർജവത്തോടെ നേരിടുമെന്ന പ്രതിജ്ഞ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കല്‍ ചൊല്ലിക്കൊടുത്തു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, യുവദീപതി രൂപത പ്രസിഡന്റ് സനു പുതുശേരി എന്നിവര്‍ ചേര്‍ന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ഡെന്നി കൈപ്പനാനി, രാജേഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പതാക കൈമാറി.
ചങ്ങനാശേരി അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് സാം ഓടയ്ക്കല്‍, രൂപത പ്രസിഡന്റ് സനു പുന്നയ്ക്കല്‍, പെരുവന്താനം ഫൊറോന വൈസ് പ്രസിഡന്റ് അലോക് ബെന്നി എന്നിവര്‍ സന്ദേശം നൽകി.
റാലിയിൽ രൂപതയിലെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ചുള്ള വിശ്വാസികള്‍, വൈദികര്‍, സന്യസ്തര്‍, സംഘടനാ പ്രതിനിധികള്‍, വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ അണിനിരന്ന മഹാസംഗമം ആയിരുന്നു കാഞ്ഞിരപ്പള്ളിയിലെ ഐക്യദാര്‍ഢ്യ റാലി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.