ചെന്നൈ: കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ നിലവില്‍ കേരള അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയെന്ന് വനം വകുപ്പ്. ഒരു ദിവസം നാല് കിലോമീറ്ററിനുള്ളിലാണ് അരിക്കൊമ്പന്റെ ചുറ്റിക്കറക്കമെന്നാണ് വനം വകുപ്പ് പറയുന്നത്. കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്ന ആന കീഴ്‌കോതയാര്‍ ചിന്നക്കുറ്റിയാര്‍ പ്രദേശത്താണ് ഇപ്പോഴുള്ളത്. 
നെയ്യാര്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് ഇത്. 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരിക്കൊമ്പന് നെയ്യാര്‍ വനമേഖലയിലേക്ക് എത്താനാകും. എന്നാല്‍ നിലവിലെ ആരോഗ്യവാസ്ഥയില്‍ നീണ്ട യാത്രയ്ക്ക് അരിക്കൊമ്പന്‍ തയ്യാറാകില്ലെന്നാണ് നിഗമനം.
പഴയത് പോലെ അധിക ദൂരം സഞ്ചരിക്കാന്‍ അരിക്കൊമ്പന് കഴിയുന്നില്ലെന്നാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്. മുണ്ടന്‍തുറ വനമേഖലയില്‍ നിന്ന് വെള്ളിയാഴ്ചയാണ് ആന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കോതയാറിലെ ഇലക്ട്രിസിറ്റി ജീവനക്കാര്‍ക്കും പമ്പ് ഹൗസ് ജീവനക്കാര്‍ക്കും തമിഴ്‌നാട് രണ്ട് ദിവസം അവധി നല്‍കിയിരുന്നു.
കേരള അതിര്‍ത്തിക്കടുത്താണ് അരിക്കൊമ്പനുള്ളതെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നിരീക്ഷണം ശക്തമാക്കിയതായും മന്ത്രി പറഞ്ഞു. നിലവില്‍ ആഹാരവും വെള്ളവും ആന കഴിക്കുന്നുണ്ട്. തമിഴ്‌നാട് വനം വകുപ്പിന്റെ ആറ് സംഘങ്ങളാണ് ആനയെ നിരീക്ഷിക്കുന്നത്. വനം വകുപ്പ് ജീവനക്കാരും വെറ്റിനറി ഡോക്ടര്‍മാരും അടങ്ങുന്നതാണ് ഈ സംഘം. ആനയുടെ പുതിയ ചിത്രവും വനം വകുപ്പ് പുറത്ത് വിട്ടു.
നിലവില്‍ കേരളം നല്‍കിയ ആന്റിന ഉപയോഗിച്ചാണ് അരിക്കൊമ്പനില്‍ നിന്നുള്ള റേഡിയോ കോളര്‍ വിവരങ്ങള്‍ തമിഴ്‌നാട് വനം വകുപ്പ് ശേഖരിക്കുന്നത്. ചിന്നക്കനാലില്‍ നിന്ന് ആദ്യം പിടികൂടിയ ആനയെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടപ്പോള്‍ പെരിയാറിലെ റിസീവിങ് സെന്ററുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് ആന്റിനയില്‍ ഒന്നാണ് ഇത്. ആന നില്‍ക്കുന്നതിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സിഗ്‌നലുകള്‍ ഈ ആന്റിനയില്‍ ലഭിക്കും.
അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക് കടന്നേക്കുമെന്ന സാധ്യത മുന്‍നിര്‍ത്തി പെരിയാറില്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ആന്റിന ഉടന്‍ തിരുവനന്തപുരത്ത് എത്തിച്ച് നെയ്യാര്‍ ഡിവിഷന് കൈമാറും. വനാതിര്‍ത്തിയില്‍ ആന എത്തിയാല്‍ നെയ്യാര്‍ ഡിവിഷനില്‍ ഇതുവഴി സിഗ്‌നല്‍ ലഭിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.