കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻനിരയിൽ സ്ഥാനം പിടിച്ച കോളേജ്. അനുഭവസമ്പത്തും പ്രാവീണ്യവുമുള്ള അധ്യാപകരും, അത്യാധുനിക സൗകര്യങ്ങളും ഹരിതമനോഹരമായ ക്യാമ്പസും, പാഠ്യ, പാഠ്യേതര വിഷയങ്ങളിലെ നൈപുണ്യവും ഈ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി വളർത്തി. കോളേജിൽ നിന്നും പഠിച്ചിറങ്ങുന്ന നല്ലൊരു ശതമാനം കുട്ടികളും പ്രസിദ്ധമായ മൾട്ടി നാഷണൽ കമ്പനികളിൽ ജോലി ചെയ്യുന്നു. ഈ കോളേജിനെ ഇന്ത്യയിലെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലേക്കുയർത്തിയത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും അവരോടൊപ്പം തന്നെ കഠിനാദ്ധ്വാനം ചെയ്യുന്ന അധ്യാപകരുടേയും മറ്റു സ്റ്റാഫുകളുടേയും സാന്നിധ്യവുമാണ്.
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ വളരെയേറെ വേദനാജനകമായ സംഭവമാണു കോളേജിൽ അരങ്ങേറിയത്. എൻജിനിയറിംഗ് വിദ്യാർത്ഥിനിയായിരുന്ന ശ്രദ്ധ സതീഷ് എന്ന നമ്മുടെ സഹോദരിയുടെ ജീവൻ പൊലിഞ്ഞു. അവരുടെ കുടുംബത്തിന്റെ നൊമ്പരങ്ങളിൽ പങ്കുചേരുന്നു. വേഗത്തിൽ തന്നെ സമഗ്രവും സുതാര്യവുമായ അന്വേഷണം പ്രസ്തുത വിഷയത്തിൽ നടക്കണം. ഉപ്പു തിന്നവർ വെള്ളം കുടിച്ചേ മതിയാവൂ. തെറ്റു ചെയ്തവർ ആരായാലും, എത്ര വലിയവർ ആയാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. തർക്കമില്ലാത്ത കാര്യമാണത്. ആ കുട്ടിക്കും കുടുംബത്തിനും എത്രയും വേഗം നീതി ലഭിക്കണം. തീർച്ചയാണ്.
എന്നാൽ, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ അമൽജ്യോതി എൻജിനിയറിംഗ് കോളേജിനെ അമർച്ച ചെയ്യുവാനുള്ള ഗൂഢനീക്കങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നു തോന്നിക്കുന്ന സംഭവങ്ങളാണു അരങ്ങേറുന്നത്. നാടിനും രാഷ്ട്രത്തിനും മുതൽക്കൂട്ടാകുന്ന തലമുറയെ വാർത്തെടുക്കുന്ന സ്ഥാപനത്തെ മുരടിപ്പിക്കാനുള്ള നീക്കങ്ങൾ തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്. ഒരിടത്തൊരു നീതി, മറ്റൊരിടത്തു മറ്റൊരു നീതി എന്ന തലത്തിലേക്കു കാര്യങ്ങൾ വളച്ചൊടിക്കപ്പെടുന്നതു നാം കാണുന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനത്തേയും ഒപ്പം തന്നെ ക്രൈസ്തവ നേതൃത്വത്തേയും തളർത്താനും തകർക്കാനും വിരളിപൂണ്ടു വെമ്പൽകൊള്ളുന്ന ഒരുപറ്റം ആളുകളുടെ ഗൂഢതന്ത്രങ്ങളാണിതിന്റെ പിന്നിലെന്നു തോന്നുന്ന തരത്തിലുള്ള നീക്കങ്ങളാണു അണിയറയിൽ അരങ്ങുതകർക്കുന്നത്. ഇത്തരം പ്രവണതകൾ ശക്തമായി ചെറുക്കപ്പെടേണ്ടതാണ്. സമൂഹത്തിൽ വെറുപ്പിന്റെ വിഷം തീണ്ടുന്ന ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യരിൽ ഭിന്നിപ്പുണ്ടാക്കാനേ ഉപകരിക്കൂ.
ഭാരതസംസ്ക്കാരത്തിന്റെ നട്ടെല്ലായ മതമൈത്രി തകർക്കുന്ന ഇത്തരം ഗൂഢചിന്തകളേയും ചിന്തകരേയും ജനം പുച്ഛിച്ചു തളളുമെന്നുറപ്പാണ്. ഇത്തരക്കാരെ പൊതുസമൂഹം ഒറ്റപ്പെടുത്തുക തന്നെ വേണം.
കഠിനാദ്ധ്വാനത്തിന്റേയും അർപ്പണബോധത്തിന്റേയും ഇച്ഛാശക്തിയുടേയും കരുത്തിൽ മെനഞ്ഞ ഈ മികവുറ്റ സ്ഥാപനത്തെ തകർക്കാൻ ആരേയും അനുവദിക്കില്ല. ഇത്തരം വെറുപ്പിന്റെ വിഷവിത്തുകളെ ഒറ്റക്കെട്ടായി നമുക്കു നശിപ്പിക്കാം. സമൂഹത്തിനും രാഷ്ട്രത്തിനും അഭിമാനമാകുന്ന ഒരു യുവതയെ മെനഞ്ഞെടുക്കുവാൻ ശേഷിയുള്ള ഈ സ്ഥാപനം ഇതിലും കരുത്തോടെ വളരട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.