ലിയോ പാപ്പയുടെ ഫ്രാൻസ് സന്ദർശനം അടുത്ത മാസം; ലൂർദ് തീർത്ഥാടനകേന്ദ്രവും സന്ദർശിക്കും

ലിയോ പാപ്പയുടെ ഫ്രാൻസ് സന്ദർശനം അടുത്ത മാസം; ലൂർദ് തീർത്ഥാടനകേന്ദ്രവും സന്ദർശിക്കും

വത്തിക്കാൻ സിറ്റി: ഫ്രാൻസിലേക്ക് ലിയോ പാപ്പ നടത്താനിരിക്കുന്ന അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടു. സെപ്റ്റംബർ 25 മുതൽ 28 വരെയാണ് പാപ്പ ഫ്രാൻസിലും യുനെസ്കോയിലും സന്ദർശനം നടത്തുന്നത്.

പാരീസ്, ലൂർദ്, മെറ്റ്സ് എന്നീ പ്രധാന നഗരങ്ങളിലാണ് പാപ്പയുടെ സന്ദർശനം. 'ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്' എന്ന പ്രമേയത്തിലാണ് ഈ അപ്പസ്തോലിക യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2008-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നടത്തിയ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ലെയോ പാപ്പ ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നത്.

ഫ്രഞ്ച് സർക്കാരിന്റെയും കത്തോലിക്ക സഭയുടെയും യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ഔദ്യോഗിക ക്ഷണപ്രകാരമാണിത്. ഗോത്തിക് ദേവാലയങ്ങളിലെ വർണ്ണച്ചില്ല് ജാലകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സന്ദർശനത്തിന്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമാധാനത്തിന്റെ പ്രതീകമായ ഒലിവിലയേന്തിയ പ്രാവ്, കുരിശ് തുടങ്ങിയവ ലോഗോയുടെ പ്രത്യേകതകളാണ്.

സെപ്റ്റംബർ 25 വെള്ളിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, സർക്കാർ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, യുനെസ്‌കോ പ്രതിനിധികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകളോടെ യാത്രയ്ക്ക് തുടക്കമാകും. തുടർന്ന് നോട്രഡാം കത്തീഡ്രലിൽ വൈദികർക്കും മെത്രാന്മാർക്കുമൊപ്പം സായാഹ്ന പ്രാർത്ഥനയിലും സെന്റ് ഡെനിസ് സ്റ്റേഡിയത്തിൽ യുവജനങ്ങൾക്കൊപ്പം നടക്കുന്ന പ്രാർത്ഥനാസമ്മേളനത്തിലും പാപ്പ പങ്കെടുക്കും.

സെപ്റ്റംബർ 26 ശനിയാഴ്ച കുടിയേറ്റക്കാർക്കായുള്ള 'ബകിത ഭവനം' സന്ദർശിക്കുന്ന പാപ്പ, തുടർന്ന് കോൺകോർഡ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. പിന്നീട് ലൂർദ്ദിലേക്ക് തിരിക്കുന്ന പാപ്പ, ലോകപ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രത്തിലെ മസാബിയേ ഗ്വാട്ടിൽ പ്രാർത്ഥന നടത്തും.

സെപ്റ്റംബർ 27 ഞായറാഴ്ച ലൂർദിൽ വെച്ച് രാജ്യത്തെ മെത്രാൻ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, അവിടെ വിശുദ്ധ ബലി അർപ്പിക്കും. തുടർന്ന് ലൂർദ് മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിലെ പ്രശസ്തമായ ജപമാല പ്രാർത്ഥനയിലും മെഴുകുതിരി പ്രദക്ഷിണത്തിലും മുഖ്യകാർമികനാകും.

സെപ്റ്റംബർ 28 തിങ്കളാഴ്ച സന്ദർശനത്തിന്റെ അവസാന ദിനത്തിൽ മെറ്റ്സ് നഗരത്തിലെത്തുന്ന പാപ്പ വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കുന്ന പൊതു വിശുദ്ധ കുർബാനയ്ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.