അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍; ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച പ്രതി പിടിയിലായത് പുലര്‍ച്ചെ

അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍; ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച പ്രതി പിടിയിലായത് പുലര്‍ച്ചെ

കണ്ണൂര്‍: പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും തുടര്‍ച്ചയായി വെല്ലുവിളിച്ച് ഒളിവിലിരുന്ന പ്രമുഖ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പൊലീസ് സാഹസികമായി പിടികൂടി. കണ്ണൂര്‍ നഗരത്തിലെ അഭിഭാഷകയുടെ അപ്പാര്‍ട്ട്മെന്റില്‍ ഒളിവിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഡിഐജിയുടെയും സിറ്റി പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് കേസുകളില്‍ പ്രതിയായ അര്‍ജുനെ എറണാകുളത്തേക്ക് കൊണ്ടുപോകും. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരന്തരം യാത്ര ചെയ്ത് വരികയായിരുന്നു. അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിക്കാന്‍ വാഹനങ്ങള്‍ മാറിമാറി ഉപയോഗിക്കുകയും മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരിലും പാലക്കാട്ടും തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ വളപട്ടണത്ത് നിന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്.

അഭിഭാഷകയെ കാണാന്‍ ഓട്ടോറിക്ഷയിലാണ് അര്‍ജുന്‍ എത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി കണ്ണൂരിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയുമായിരുന്നു. പുലര്‍ച്ചെ അപ്പാര്‍ട്ട്മെന്റ് വളഞ്ഞ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുനെ ബലപ്രയോഗത്തിലൂടെയാണ് അന്വേഷണ സംഘം കീഴടക്കിയത്.

ഒളിവില്‍ കഴിയുന്നതിനിടെ സോഷ്യല്‍ മീഡിയയിലൂടെ പൊലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ പ്രകോപനപരമായ സന്ദേശങ്ങള്‍ ഇയാള്‍ പങ്കുവെച്ചിരുന്നു. 'പിടിക്കാമെങ്കില്‍ പിടിക്കൂ' എന്ന് വെല്ലുവിളിച്ച ഇയാള്‍, താന്‍ എവിടെയുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അവകാശപ്പെട്ട് പൊലീസിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. അറസ്റ്റിലായി പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയിലും 'കടലില്‍ കാണാതായവരെ കിട്ടിയോ?' എന്ന് ചോദിച്ച് ഇയാള്‍ പൊലീസിനെ പരിഹസിച്ചു.

രാമനാട്ടുകര സ്വര്‍ണം പൊട്ടിക്കല്‍ കേസിലൂടെയാണ് അര്‍ജുന്‍ ആയങ്കി മാധ്യമശ്രദ്ധ നേടുന്നത്. കോതമംഗലത്ത് നിയമവിരുദ്ധമായി സംഘം ചേര്‍ന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം അവിടുത്തെ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയതിനും ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ചതിനും ഇയാള്‍ക്കെതിരെ പുതിയ കേസുകള്‍ നിലവിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.