ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ കുട്ടനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പഠന കേന്ദ്രങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
കൂടാതെ ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായി വെള്ളം കയറിയിരുന്നു. നിലവില്‍ പ്രളയജലം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം വീടുകളിലും പരിസരങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്.
വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അതേസമയം മുന്‍ദിവസങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്ന എസി റോഡിലെ (ആലപ്പുഴ-ചങ്ങനാശേരി റോഡ്) വാഹനഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത തുടരുകയാണ്. ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.