പെൻസിൽവേനിയ: സംഘടനാ പ്രവർത്തനങ്ങളിലൂടെ കേവലം സ്വപ്നങ്ങൾ കാണുക മാത്രമല്ല, അവയെ യാഥാർഥ്യമാക്കി മാറ്റാൻ ഫൊക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി വ്യക്തമാക്കി. പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന കൺവൻഷൻ ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കുകയായിരുന്നു സജിമോൻ. അമേരിക്ക ചെറിയ സ്വപ്നങ്ങൾ കാണാനുള്ള ഇടമല്ലെന്ന് രണ്ട് വർഷം മുമ്പ് പറഞ്ഞിരുന്നുവെന്നും, ഇന്ന് ഫൊക്കാന ആ ചെറിയ സ്വപ്നങ്ങൾക്ക് അതീതമായി വളർന്നിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
1983-ൽ തുടക്കമിട്ട ഫൊക്കാന ഇന്ന് ആഗോള മലയാളികളെ ഒന്നിച്ചുചേർക്കുന്ന പ്രസ്ഥാനമായി മാറിയതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തികച്ചും സമാധാനപരവും ഐക്യമുള്ളതുമായ സംഘടനാ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മത്സരങ്ങൾ അവസാനിക്കുമെന്നും അവിടെ ജയിച്ചവനോ തോറ്റവനോ ഇല്ലെന്നും ഒരൊറ്റ ഫൊക്കാന മാത്രമേയുള്ളൂവെന്ന തന്റെ പ്രഖ്യാപനം അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവി നേതൃത്വവും ഈ കൂട്ടായ്മയുടെ സംസ്കാരം പിന്തുടരണമെന്ന് സജിമോൻ അഭ്യർത്ഥിച്ചു.
ആരോടും മത്സരിക്കാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന നയമാണ് ഫൊക്കാനയുടേതെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ സേവന പദ്ധതികളും വിശദീകരിച്ചു. രാജഗിരി ആശുപത്രിയുമായി സഹകരിച്ച് പതിനായിരത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്ത ഫൊക്കാന മെഡിക്കൽ കാർഡ് പദ്ധതിയും അമേരിക്കയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ആശ്വാസമേകുന്ന ഫൊക്കാന ഹെൽത്ത് ക്ലിനിക്കും ഇതിൽ പ്രമുഖമാണ്. താൽക്കാലിക ധനസമാഹരണങ്ങൾക്ക് പകരം ശാശ്വത പരിഹാരം കാണുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിട്ടതെന്ന് അദേഹം വ്യക്തമാക്കി.
ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധ നേടിയ ചരിത്രപരമായ ഇരട്ട ഗിന്നസ് റെക്കോർഡ് നേട്ടങ്ങളെയും സജിമോൻ ആന്റണി അനുസ്മരിച്ചു. കേരളത്തിന് പുറത്ത് അമേരിക്കൻ മണ്ണിൽ അഞ്ഞൂറോളം കലാകാരന്മാരെ അണിനിരത്തി ലോകത്തിലെ ഏറ്റവും വലിയ ചെണ്ടമേളവും, ആയിരത്തോളം നർത്തകിമാരെ പങ്കെടുപ്പിച്ച് ഏറ്റവും വലിയ മോഹിനിയാട്ടവും സംഘടിപ്പിക്കാനായത് വലിയ നേട്ടമാണ്. വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാനിലയം കലാധരൻ ആശാൻ, കലാമണ്ഡലം ശിവദാസ് ആശാൻ, നൃത്താധ്യാപിക ഗുരു ബീനാ മേനോൻ എന്നിവരുടെ പിന്തുണ ഇതിന് വലിയ കരുത്തായെന്നും സജിമോൻ പറഞ്ഞു.
ഗിന്നസ് നേട്ടത്തിന്റെ തലേദിവസം നേരിട്ട നാടകീയമായ പ്രതിസന്ധിയും അദ്ദേഹം വേദിയിൽ വെളിപ്പെടുത്തി. മോഹിനിയാട്ടം ഗിന്നസിൽ ഭാഗമാകേണ്ട ചിലരുടെ വിമാനം റദ്ദായതിനെ തുടർന്ന് പരിപാടി മുടങ്ങുമെന്ന സാഹചര്യം ഉണ്ടായിരുന്നു. പരിഭ്രാന്തി ഒഴിവാക്കാൻ ഇത് രഹസ്യമായി സൂക്ഷിക്കുകയും, കടുത്ത മാനസിക സംഘർഷത്തിനൊടുവിൽ ചാർട്ടേഡ് വിമാനമടക്കമുള്ള അടിയന്തര ക്രമീകരണങ്ങളിലൂടെ ആ പ്രതിസന്ധി മറികടക്കുകയുമായിരുന്നു. ഈ റെക്കോർഡ് നേട്ടത്തോടെ വടക്കേ അമേരിക്കയിലെ 1,400-ഓളം മലയാളികൾ ഗിന്നസ് റെക്കോർഡ് പങ്കാളികളായി മാറിയതിൽ വലിയ അഭിമാനമുണ്ടെന്നും അദേഹം പറഞ്ഞു.
സംഘാടനത്തിന് മുൻപന്തിയിൽ നിന്ന മനോജ് മടപ്പള്ളി, കാനഡയിലെ രഞ്ജിത്, ഫ്ലോറിഡയിലെ സാജ്, സുനിൽ വീട്ടിൽ എന്നിവരുടെയും, ഒപ്പം നിന്ന് പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളുടെയും അക്ഷീണ പ്രയത്നമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദേഹം കൂട്ടിച്ചേർത്തു. പതിനായിരക്കണക്കിന് പ്രവാസികളുടെ ജനപങ്കാളിത്തം ഫൊക്കാനയിലുള്ള ജനവിശ്വാസമാണ് തെളിയിക്കുന്നതെന്നും, ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ശക്തമായ അംബ്രല്ല സംഘടനയായി ഫൊക്കാനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞുകൊണ്ടാണ് അദേഹം പ്രസംഗം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.