തൊണ്ണൂറാമത്തെ മാർപ്പാപ്പ വി. ഗ്രിഗറി മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-90)

തൊണ്ണൂറാമത്തെ മാർപ്പാപ്പ വി. ഗ്രിഗറി മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-90)

തിരുസഭയില്‍, ഫ്രാന്‍സീസ് പാപ്പായ്ക്കു മുമ്പായി യൂറോപ്പിനു പുറത്തുനിന്നും വി. പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ മാര്‍പ്പാപ്പ. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ചക്രവര്‍ത്തിയുടെ പ്രതിനിധിയായ റെവേന്നയിലെ എക്‌സാര്‍ക്കിന്റെ പക്കല്‍നിന്നും റോമിന്റെ മെത്രാനായുള്ള തിരഞ്ഞെടുപ്പിന് രാജകീയ അംഗീകാരം നേടിയ അവസാനത്തെ മാര്‍പ്പാപ്പ. ഈ നിലകളില്‍ ചരിത്രത്തില്‍ പ്രത്യേകമായ ഒരു സ്ഥാനമുള്ള വ്യക്തിത്വത്തിന് ഉടമയാണ് തിരുസഭയുടെ തൊണ്ണൂറാമത്തെ മാര്‍പ്പാപ്പയായിരുന്ന വി. ഗ്രിഗറി മൂന്നാമന്‍ പാപ്പാ. സിറിയായില്‍ ജനിച്ച വ്യക്തിയായിരുന്നു ഗ്രിഗറി മാര്‍പ്പാപ്പ. ഗ്രിഗറി രണ്ടാമന്‍ പാപ്പായുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനിടയില്‍ അവിടെ കൂടിയിരുന്ന ജനസമൂഹം കരഘോഷങ്ങളാല്‍ ഗ്രിഗറി മൂന്നാമന്‍ പാപ്പായെ ലാറ്ററന്‍ ബസിലിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് വിശ്വാസീസമൂഹം അദ്ദേഹത്തെ തിരുസഭയുടെ പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കുകയും ചെയ്തു. തന്റെ തിരഞ്ഞെടുപ്പിന് അഞ്ചാഴ്ച്ചകള്‍ക്കുശേഷം അതായത് റെവേന്നയിലെ എക്‌സാര്‍ക്കിന്റെ മാര്‍പ്പാപ്പയായുള്ള തന്റെ തിരഞ്ഞെടുപ്പിന് അംഗീകാരം ലഭിച്ചതിനുശേഷമാണ് അദ്ദേഹം റോമിന്റെ മെത്രാനും തിരുസഭയുടെ തലവനുമായി ഏ. ഡി. 731 മാര്‍ച്ച് 18-ാം തീയതി അഭിഷേകം ചെയ്യപ്പെട്ടത്.

റോമും കോണ്‍സ്റ്റാന്റിനോപ്പിളും തമ്മില്‍ ദേവാലയത്തില്‍ ചിത്രങ്ങളും രൂപങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചും തിരുസ്വരൂപങ്ങള്‍ വണങ്ങുന്നതും സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്ന ഒരു സമയത്തായിരുന്നു ഗ്രിഗറി മൂന്നാമന്‍ പാപ്പാ തിരുസഭയുടെ ഭരണം ഏറ്റെടുക്കുന്നത്. ഐക്കോണക്ലാസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ തര്‍ക്കം തിരുസഭയെ കാര്‍ന്നുതിന്നിരുന്ന ഒരു സമയമായിരുന്നു അത്. അതിനാല്‍ത്തന്നെ ഭരണമേറ്റെടുത്തയുടനേ ഗ്രിഗറി പാപ്പാ തിരുസഭയെ ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള, അതായത് ഐക്കോണക്ലാസം പോലുള്ള എല്ലാത്തരം നീക്കങ്ങളിൽ നിന്നും അത്തരം നയങ്ങള്‍ സ്വീകരിക്കുന്നതില്‍നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് ലിയോ മൂന്നാമന്‍ ചക്രവര്‍ത്തിക്ക് കത്തുകള്‍ അയച്ചു. എന്നാല്‍ തന്റെ കത്തുകള്‍ക്ക് ചക്രവര്‍ത്തി മറുപടി നല്‍കുന്നില്ലായെന്ന് പാപ്പാ മനസ്സിലാക്കിയപ്പോള്‍ പ്രശ്്‌നങ്ങള്‍ക്ക് പരിഹാരം കണുന്നതിനായി അദ്ദേഹം റോമില്‍ ഒരു സിനഡ് വിളിച്ചു ചേർത്തു. പ്രസ്തുത സിനഡില്‍വെച്ച് ഐക്കോണക്ലാസത്തെ തെറ്റായ പഠനമെന്ന് വിധിക്കുകയും തിരുസ്വരൂപങ്ങളും പൂജ്യമായ ചിത്രങ്ങളും നശിപ്പിക്കുന്നവര്‍ സഭാഭ്രഷ്ടരാക്കപ്പെടുമെന്ന് വിധിക്കുകയും ചെയ്തു. സിനഡിന്റെ ഈ തീരുമാനം ചക്രവര്‍ത്തിയെത്തന്നെയും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിനെയും ബാധിക്കുന്നതായിരുന്നു.

സിനഡ് ഡിക്രികള്‍ വഹിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പോയ പേപ്പല്‍ പ്രതിനിധികളെ സിസിലിയില്‍വെച്ച് ചക്രവര്‍ത്തിയുടെ സൈന്യം തടയുകയും അവരെ തടവിലാക്കുകയും ചെയ്തു. എന്നാല്‍ പാപ്പായുടെ പ്രതിനിധികളില്‍ ഒരാള്‍ തടസ്സങ്ങള്‍ അതിജീവിച്ചുകൊണ്ട് ചക്രവര്‍ത്തിയുടെ പക്കല്‍ എത്തുകയും സിനഡ് തീരുമാനങ്ങള്‍ അടങ്ങിയ ഡിക്രികള്‍ ചക്രവ്രര്‍ത്തിയെ ഏല്‍പ്പിക്കുകയും ചെയ്തു. സിനഡ് തീരുമാനങ്ങള്‍ അറിഞ്ഞ ലിയോ മൂന്നാമന്‍ ചക്രവര്‍ത്തി കോപിഷ്ടനാവുകയും മാര്‍പ്പാപ്പയ്‌ക്കെതിരെ റോമിലേക്ക് സൈന്യത്തെ അയ്ക്കുകയും ചെയ്തു. ചക്രവര്‍ത്തി ഇറ്റലിയിലേക്കയച്ച സൈന്യത്തിന്റെ ആദ്യ സംഘം സഞ്ചരിച്ചിരുന്ന കപ്പല്‍ തകരുകയും സൈന്യം നശിക്കുകയും ചെയ്തു. പിന്നീട് ചക്രവര്‍ത്തിയുടെ സൈന്യവ്യൂഹം സിസിലിയും കാലബ്രിയയും ആക്രമിക്കുകയും ആ പ്രദേശങ്ങളിലെ പേപ്പല്‍ സ്വത്തുവകകളെ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തു. അതുപോലെതന്നെ ഇല്ലിറിക്കും, സിസിലി എന്നീ പ്രവിശ്യകള്‍ ഇനിമേല്‍ റോമിന്റെ അധികാരത്തിന്‍ കീഴിലല്ല മറിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിന്റെ അധികാരത്തിന്‍ കീഴിലായിരിക്കുമെന്ന് ചക്രവര്‍ത്തി ആജ്ഞാപിക്കുകയും ചെയ്തു. എന്നിരുന്നാലും റോമാസാമ്രാജ്യത്തിന്റെ നിയമാനുസൃതമായ രാഷ്ട്രീയ ഭരണാധികാരി ലിയോ മൂന്നാമന്‍ ചക്രവര്‍ത്തിയാണ് എന്ന ബോധ്യത്തില്‍നിന്നും ഗ്രിഗറി പാപ്പാ ചക്രവര്‍ത്തിയോട് വിശ്വസ്തത പുലര്‍ത്തിയിരുന്നു. ഏ.ഡി. 733-ല്‍ ലൊംബാര്‍ഡ് ഗോത്രവംശജര്‍ പാശ്ചാത്യസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയുടെ പ്രതിനിധിയായ എക്‌സാര്‍ക്കിന്റെ തലസ്ഥാനമായ റെവേന്നയെ പിടിച്ചെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ മാര്‍പ്പാപ്പ ചക്രവര്‍ത്തിക്കും എക്‌സാര്‍ക്കിനും തന്റെ സഹായഹസ്തം നീട്ടുകയും അങ്ങനെ ആക്രമണത്തില്‍നിന്നും റെവേന്നയെ രക്ഷിക്കുവാന്‍ സഹായിക്കുകയും ചെയ്തു. ഇതിന്റെ നന്ദിസൂചകമെന്നോണം ചക്രവര്‍ത്തിയും എക്‌സാര്‍ക്കും മാര്‍പ്പാപ്പയുമായി യുദ്ധമില്ലാസന്ധിയില്‍ ഏര്‍പ്പെടുകയും രത്‌നങ്ങള്‍ പതിപ്പിച്ച ആറു സ്തംഭങ്ങള്‍ പാപ്പായ്ക്ക് നല്‍കുകയും ചെയ്തു. പ്രസ്തുത സ്തംഭങ്ങള്‍ വി. പത്രോസിന്റെ കബറിടത്തിനു മുമ്പില്‍ സ്ഥാപിക്കുകയും ചെയ്തു. താന്‍ ലിയോ മൂന്നാമന്‍ ചക്രവര്‍ത്തിക്കും അദ്ദേഹത്തിന്റെ പ്രതിനിധിക്കും കൊടുത്ത പിന്തുണ ലൊംബാര്‍ഡ് വംശത്തെ പ്രകോപിതരാക്കുന്നതാണ് എന്ന് ഗ്രിഗറി മൂന്നാമന്‍ പാപ്പാ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍തന്നെ ലൊംബാര്‍ഡുകള്‍ റോമിനെ ഏതുനിമിഷവും ആക്രമിച്ചേക്കാമെന്ന ബോധ്യം പാപ്പായ്ക്കുണ്ടായിരുന്നു. അത്തരം ആക്രമണങ്ങളെ ചെറുക്കുവാന്‍ ഒരു മുന്‍കരുതലെന്നവണ്ണം റോമാനഗരത്തിന്റെ മതിലുകള്‍ പുനർനിര്‍മിക്കുന്നതിന് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാത്രമല്ല സ്‌പൊളേറ്റോ, ബെനെവെന്തോ പ്രദേശങ്ങളുടെ ഭരണാധികാരികളായിരുന്ന പ്രഭുക്കന്മാരുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്തു. മാര്‍പ്പാപ്പയുടെ ഇത്തരം നടപടികള്‍ ലൊംബാര്‍ഡ് രാജാവിനെ കൂടുതല്‍ പ്രകോപിതനാക്കുന്നവയായിരുന്നു. സ്‌പോളേറ്റോയെ ആക്രമിച്ചു കീഴടക്കിയതിനുശേഷം ലൊംബാര്‍ഡ് രാജാവും അദ്ദേഹത്തിന്റെ സൈന്യവ്യൂഹവും റോമിനെ ലക്ഷ്യമാക്കി പടയൊരുക്കം നടത്തി. എന്നാല്‍ ആഭ്യന്തര ലഹളകളും ബാഹ്യശക്തികളുടെ ഭീഷണിയും നിമിത്തം ദുര്‍ബലാവസ്ഥയിലായിരുന്ന ചക്രവര്‍ത്തിയുടെ പക്കല്‍നിന്നും സൈനിക സഹായമൊന്നും ലഭ്യമായിരുന്നില്ല. അതിനാല്‍ ഗ്രിഗറി മാര്‍പ്പാപ്പ ഫ്രാങ്ക് വംശത്തിന്റെ രാജാവായ ചാള്‍സ് മാര്‍ട്ടെലിനോട് സഹായത്തിനായി അപേക്ഷിച്ചു. എന്നാല്‍ പ്രോവെന്‍സ് ദേശത്തെ ആക്രമിച്ച അറബ് അധിനിവേശക്കാരെ നേരിടുന്നതിനായി ലൊംബാര്‍ഡ് രാജാവുമായി മുൻപുണ്ടാക്കിയ സഖ്യത്തിന്റെ പേരില്‍ പാപ്പായുടെ ആവശ്യത്തെ ചാള്‍സ് രാജാവ് നിരാകരിക്കുകയാണ് ചെയ്തത്. ഇത് രാഷ്ട്രീയപരമായി ദൂരവ്യാപകമായ പരിണിതഫലങ്ങള്‍ക്ക് വഴിതെളിച്ച ഒരു സഖ്യത്തിലേര്‍പ്പെടുവാന്‍ പാപ്പായെ നിര്‍ബന്ധിതനാക്കി. ലൊംബാര്‍ഡ് രാജാവിനാല്‍ നിഷ്‌കാസിതനാക്കപ്പെട്ട സ്‌പൊളേറ്റോയുടെ പ്രഭുവുമായി പാപ്പാ സഖ്യത്തിലേര്‍പ്പെടുകയും പ്രസ്തുത സഖ്യം റോമും ലൊംബാര്‍ഡ് രാജാവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അന്തരവും കൂടുതല്‍ വഷളാവുകയും ചെയ്തു.

തന്റെ മുന്‍ഗാമിയെപ്പോലെതന്നെ ഗ്രിഗറി മൂന്നാമന്‍ പാപ്പായും വി. ബോനിഫസിന്റെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍ പ്രദേശങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞു സഹായിച്ചു. മാത്രമല്ല ബോനിഫസ് മെത്രാനെ ഏ. ഡി. 732-ല്‍ ജര്‍മ്മനിയില്‍ പുതിയ രൂപതകള്‍ സ്ഥാപിക്കുവാനുള്ള പ്രത്യേകാധികാരമുള്ള മെത്രാപ്പോലീത്തയായി വാഴിക്കുകയും ചെയ്തു. അതുപോലെതന്നെ ഇംഗ്ലണ്ടിലെ സഭയുമായുള്ള റോമിന്റെ ബന്ധം ഊഷ്മളമാക്കുന്നതിനും സഭയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനുമായി പാപ്പാ ഒരു പേപ്പല്‍ പ്രതിനിധിയെ നിയോഗിച്ചു. അതേസമയം തന്നെ റോമിലെ ദേവാലയങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും മനോഹരചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. സന്യാസജീവിതരീതി കൂടുതല്‍ ജനകീയമാക്കുന്നതിനായി പാപ്പാ ശ്രമിക്കുകയും റോമിലെ സിമിത്തേരികളും മറ്റും ഭംഗിയായി സൂക്ഷിക്കുന്നതിള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയോടനുബന്ധിച്ച് ഗ്രിഗറി മൂന്നാമന്‍ പാപ്പാ, രക്ഷകനായ യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും നാമത്തില്‍ വിശുദ്ധന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനായി ഒരു ഓര്‍ട്ടറി പണികഴിപ്പിച്ചു.

ഏ. ഡി. 741 നവംബര്‍ 28-ാം തീയതി ഗ്രിഗറി മൂന്നാമന്‍ പാപ്പാ കാലം ചെയ്തപ്പോള്‍ അദ്ദേഹത്തെ വി. പത്രോസിന്റെ ബസിലിക്കയോട് ചേര്‍ന്ന് താന്‍ പണികഴിപ്പിച്ച ഓര്‍ട്ടറിയില്‍ സംസ്‌കരിച്ചു.

എൺപത്തിയൊൻപതാം മാർപ്പാപ്പ വി. ഗ്രിഗറി രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-89)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.