എൺപത്തിയൊൻപതാം മാർപ്പാപ്പ വി. ഗ്രിഗറി രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-89)

എൺപത്തിയൊൻപതാം മാർപ്പാപ്പ വി. ഗ്രിഗറി രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-89)

ഗ്രീക്ക്, സിറിയന്‍, താര്‍സിയന്‍ പശ്ചാത്തലത്തില്‍ നിന്നുള്ള ഏഴ് മാര്‍പ്പാപ്പാമാര്‍ തുടര്‍ച്ചയായി തിരുസഭയെ നയിച്ചതിനുശേഷം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ റോമാക്കാരനായിരുന്ന മാര്‍പ്പാപ്പയായിരുന്നു വി. ഗ്രിഗറി രണ്ടാമന്‍ പാപ്പ. റോമിലെ സവെല്ലി കുടുംബത്തില്‍ മാര്‍സെല്ലസിന്റെയും ഹൊനെസ്തായുടെയും മകനായി ഏ.ഡി. 669-ല്‍ ഗ്രിഗറി മാര്‍പ്പാപ്പ ജനിച്ചു. വത്തിക്കാന്‍ ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്ന ഡീക്കനായിരുന്നു അദ്ദേഹം. കോണ്‍സ്റ്റന്റയിന്‍ മാര്‍പ്പാപ്പയുടെ സെക്രട്ടറിയായി വര്‍ത്തിച്ചിരുന്ന അദ്ദേഹം പാപ്പാ കോണ്‍സ്റ്റാന്റിനോപ്പിള്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പായെ അനുഗമിച്ചു. ഗ്രിഗറി പാപ്പായുടെ പ്രാഗത്ഭ്യം തെളിയിക്കപ്പെട്ട സംഭവമായിരുന്നു ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയും കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയുമായി ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയ ദൈവശാസ്ത്ര വിഷയങ്ങളിലെ സമവായങ്ങളിലും ഉടമ്പടികളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍. അതിനാല്‍ തന്നെ ഏ.ഡി. 715 മാര്‍ച്ച് 19-ാം തീയതി തിരുസഭയുടെ എണ്‍പത്തിയൊമ്പതാമത്തെ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി മാര്‍പ്പാപ്പ എട്ടാം നൂറ്റാണ്ടിലെ പ്രഗത്ഭനായ മാര്‍പ്പാപ്പാമാരില്‍ ഒരാളായി കരുതപ്പെടുന്നു.

മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ തന്നെ ഗ്രിഗറി മാര്‍പ്പാപ്പ ലൊംബാര്‍ഡ് ഗ്രോത്രവംശം പിടിച്ചെടുത്ത പേപ്പല്‍ സ്വത്തുക്കളും മറ്റു സ്ഥാവരജംഗമവസ്തുക്കളും തിരികെ നല്‍കുവാന്‍ ലൊംബാര്‍ഡ് രാജാവിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തി. മാത്രമല്ല ലൊംബാര്‍ഡ് രാജാവും റെവേന്നയിലെ എക്‌സാര്‍ക്കും റോമാനഗരത്തിന്റെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ നഗരത്തെയും ജനതയെയും സംരക്ഷിക്കുന്നതില്‍ പാപ്പാ വിജയിച്ചു.

ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെയും കോണ്‍സ്റ്റന്റയിന്‍ മാര്‍പ്പാപ്പയുടെയും കാലത്ത് സഭയില്‍ സംജാതമായ സമാധാനപരമായ അന്തരീക്ഷം അധികകാലം നിലനില്‍ക്കുന്നതായിരുന്നില്ല. ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായി സിംഹാസനത്തിലേറിയ ലിയോ മൂന്നാമന്‍ ചക്രവര്‍ത്തിയും ഗ്രിഗറി രണ്ടാമന്‍ പാപ്പയും തമ്മിലുടലെടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ സഭയില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുന്നവയായിരുന്നു. ഏ.ഡി. 722-ല്‍ ലിയോ മൂന്നാമന്‍ ചക്രവര്‍ത്തി അറബികളുമായുള്ള യുദ്ധത്തിന് പണം കണ്ടെത്തുന്നതിനായി ഇറ്റാലിയന്‍ ജനതയുടെമേല്‍ അധിക നികുതി ചുമത്തിയപ്പോള്‍ പ്രസ്തുത നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് പാപ്പ നേതൃത്വം നല്‍കി. ജനങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പണം യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്; അതിനാല്‍ അധിക നികുതി നല്‍കുന്നത് അംഗീകരിക്കുവാന്‍ സാധിക്കില്ല എന്നതായിരുന്നു പാപ്പായുടെ നയം.

തിരുസഭയില്‍ തിരുസ്വരൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് മൂസ്ലീങ്ങളുടെയും ജൂതന്മാരുടെയും മതപരിവര്‍ത്തനത്തിനും അവരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിക്കുന്നതിനും വിഘാതമാകുമെന്ന് പറഞ്ഞുകൊണ്ട് തിരുസ്വരൂപങ്ങളുടെയും ചിത്രങ്ങളുടെയും വണക്കം വിലക്കുവാന്‍ (ഐക്കോണക്ലാസം) ചക്രവര്‍ത്തി പരിശ്രമിച്ചപ്പോള്‍ ചക്രവര്‍ത്തിയുടെ നീക്കത്തെ ശക്തമായി ഗ്രിഗറി പാപ്പാ എതിര്‍ത്തു. ഏ.ഡി. 726-ല്‍ ലിയോ മൂന്നാമന്‍ ചക്രവര്‍ത്തി തന്റെ ദൗര്‍ഭാഗ്യകരമായ വിളംബരത്തിലൂടെ തന്റെ സാമ്രാജ്യത്തില്‍ ഐക്കണോക്ലാസം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുത്തുകയും തിരുസ്വരൂപങ്ങളും വിശുദ്ധരുടെ ചിത്രങ്ങളും ദേവാലയങ്ങളില്‍നിന്നും ആശ്രമങ്ങളില്‍നിന്നും പൊതുവണക്കത്തിന്റെ ഇടങ്ങളില്‍നിന്നും നീക്കം ചെയ്യുവാനും നശിപ്പിക്കുവാനും ഉത്തരവിട്ടു. അതേത്തുടര്‍ന്ന് ഏ.ഡി. 727-ല്‍ റോമില്‍ സമ്മേളിച്ച സിനഡില്‍ വെച്ച് മാര്‍പ്പാപ്പ ഔദ്യോഗികമായി ചക്രവര്‍ത്തിയെ ശാസിക്കുകയും താക്കീതു നല്‍കുകയും ചെയ്തു.

മാര്‍പ്പാപ്പയുടെയും പാശ്ചാത്യസഭയുടെയും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസ്, ഏ.ഡി. 730-ല്‍ ഐക്കോണക്ലാസത്തെ ഔദ്യോഗികമായി വിളംബരം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഒപ്പിട്ടു. എന്നാല്‍ പ്രസ്തുത വിളംബരത്തെ പിന്തുണയ്ക്കുവാന്‍ പാപ്പാ തയ്യാറായില്ലയെന്നു മാത്രമല്ല ഇതിനെതിരെ ധീരമായ നിലപാടെടുത്തുകൊണ്ട് ഐക്കോണക്ലാസത്തെ ഒരു പാഷണ്ഡതയായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല തന്റെ അധികാരസീമയെ മറികടന്ന് സഭാപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ ചക്രവർത്തി ഇടപെടുന്നതിനെതിരേ താക്കീതു നല്‍കുകയും മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ ചക്രവര്‍ത്തിക്ക് ഇടപെടാന്‍ യാതൊരു അവകാശവും ഇല്ലെന്നറിയിച്ചുകൊണ്ട് പാപ്പാ ചക്രവര്‍ത്തിക്ക് രണ്ടു കത്തുകള്‍ അയച്ചു. ഗ്രിഗറി രണ്ടാമന്‍ പാപ്പായുടെ നടപടിയില്‍ പ്രകോപിതനായി ലിയോ മൂന്നാമന്‍ ചക്രവര്‍ത്തി പാപ്പായ്ക്ക് അന്ത്യശാസനം നല്കിയത് ഇറ്റലിയിലെ ജനതകളെ പ്രകോപിതരാക്കി. വാസ്തവത്തില്‍ പാപ്പായെ വധിക്കുവാന്‍ പലപ്രാവശ്യം ചക്രവര്‍ത്തി ഗൂഢാലോചന നടത്തിയെങ്കിലും പാപ്പായുടെ ജനസമ്മതിയും പിന്തുണയും മനസ്സിലാക്കിയ ചക്രവര്‍ത്തി പാപ്പായെ വധിക്കുന്നതില്‍നിന്നും പിന്‍വാങ്ങുകയായിരുന്നു.

ജര്‍മനിയില്‍ ക്രിസ്തുവിശ്വാസം പ്രചരിപ്പിക്കുന്നതില്‍ ഗ്രിഗറി രണ്ടാമന്‍ പാപ്പായുടെ പങ്ക് വളരെ വലുതായിരുന്നു. ഏ.ഡി. 716-ല്‍ ബവേറിയായുടെ ഡ്യൂക്ക് തിയൊഡോയുടെ ആവശ്യപ്രകാരം ജര്‍മനിയിലേക്ക് അദ്ദേഹം മിഷണറിമാരെ അയച്ചു. ഏ.ഡി. 718-ല്‍ ഗ്രിഗറി രണ്ടാമന്‍ പാപ്പാ ജര്‍മനിയുടെ അപ്പസ്‌തോലനും മദ്ധ്യസ്ഥനുമായ ബോനിഫസിനെ ഇംഗ്ലണ്ടില്‍നിന്നും റോമിലേക്ക് വിളിച്ചുവരുത്തുകയും അതിന്റെ അടുത്ത വര്‍ഷത്തില്‍ ഫ്രിസിയ ദേശത്തെ ജനങ്ങളെ സുവിശേഷവത്കരിക്കുകയെന്ന പ്രത്യേക ദൗത്യം അദ്ദേഹത്തെ ഏല്‍പ്പിച്ചുകൊണ്ട് ജര്‍മനിയിലേക്ക് അയക്കുകയും ചെയ്തു. ജര്‍മനിയിലേക്ക് മിഷണറിമാരെ അയ്ക്കുന്ന വേളയില്‍ അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് പുതിയതായി ക്രിസ്തുവിശ്വാസം സ്വീകരിച്ചവരുടെ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കരുണയോടെ വേണം വര്‍ത്തിക്കുവാന്‍ എന്ന് പാപ്പാ അവരെ ഓര്‍മിപ്പിച്ചു. പ്രത്യേക അവസരങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടാകുമ്പോള്‍ വിവാഹിതര്‍ വേര്‍പ്പെട്ടു ജീവിക്കുന്നത് അംഗീകരിക്കാമെന്നും അതുപോലെ വൈവാഹിക നിയമങ്ങളില്‍ ചില ഒഴിവുകള്‍ കൊടുക്കാമെന്നും പാപ്പ നിര്‍ദ്ദേശിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങളിലെ ബോനിഫസിന്റെ പ്രാഗത്ഭ്യവും പ്രഭാവവും മനസ്സിലാക്കിയ ഗ്രിഗറി പാപ്പ അദ്ദേഹത്തെ ഏ.ഡി. 722-ല്‍ മെത്രാനായി അഭിഷേകം ചെയ്തു. ഫ്രാങ്കുകളുടെ ഭരണാധികാരിയായ ചാള്‍സ് മാര്‍ട്ടെലിനോട് ബോനിഫസ് മെത്രാന്റെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്തു. ഗ്രിഗറി രണ്ടാമന്‍ പാപ്പായും ബോനിഫസ് മെത്രാനും തമ്മിലുള്ള ഊഷ്മളമായ ബന്ധം വളര്‍ച്ചയുടെ പാതയിലുള്ള ജര്‍മ്മന്‍ സഭയില്‍ റോമന്‍ ആരാധനാക്രമം വളരെ എളുപ്പത്തില്‍ത്തന്നെ പ്രാബല്യത്തില്‍ വരുത്തുവാന്‍ സാധിച്ചു.

യുദ്ധം മൂലവും ടൈബര്‍ നദിയിലുണ്ടായ വെള്ളപ്പൊക്കം മൂലവും കേടുപാടുകള്‍ സംഭവിച്ച റോമാനഗരത്തിന്റെ ചുറ്റുമതിലുകളുടെയും ദേവാലയങ്ങളുടെയും അറ്റുകുറ്റപ്പണികളും പുനഃരുദ്ധാരണപ്പണികളും പൂര്‍ത്തിയാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രിഗറി രണ്ടാമന്‍ പാപ്പാ തുടക്കം കുറിച്ചു. അതോടൊപ്പം സഭയില്‍ സന്യാസജീവിതവും സന്യാസാശ്രമങ്ങളും നവീകരിക്കുവാനും ഒരു പുത്തനുണര്‍വ്വ് കൊണ്ടുവരുവാനും പരിശ്രമിക്കുകയും ചെയ്തു. അതുപോലെ തന്നെ നോമ്പുകാലത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ തയ്യാറാക്കുകയും ഉപവാസ നിയമങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു.

തിരുസഭയെ അതിന്റെ പ്രതിസന്ധിഘട്ടത്തില്‍ ധീരമായി നയിച്ച ഗ്രിഗറി രണ്ടാമന്‍ പാപ്പാ ഏ.ഡി. 731 ഫെബ്രുവരി 11-ാം തീയതി കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.