വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനം 'ഫ്രതേല്ലി തൂത്തി'യെ അടിസ്ഥാനമാക്കി വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന 'നോട്ട് എലോണ്‍' അന്താരാഷ്ട്ര സമ്മേളനത്തില്‍ നോബല്‍ സമ്മാന ജേതാക്കള്‍ മനുഷ്യ സാഹോദര്യത്തെക്കുറിച്ച് സംയുക്ത പ്രഖ്യാപനം നടത്തി.
സംയുക്ത പ്രഖ്യാപനം ചുവടെ
'നാം വ്യത്യസ്തരാണ്, വിഭിന്നരുമാണ്, നമുക്ക് വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളുമുണ്ട്, എന്നാല്‍ നാം സഹോദരീസഹോദരന്മാരാണ്, സമാധാനത്തോടെ ജീവിക്കാന്‍ നാം ആഗ്രഹിക്കുന്നു' (ഫ്രാന്‍സിസ് പാപ്പ).
ഓരോ പുരുഷനും നമ്മുടെ സഹോദരനാണ്, ഓരോ സ്ത്രീയും നമ്മുടെ സഹോദരിയാണ്, എപ്പോഴും. ഭൂമിയെന്ന പൂന്തോട്ടത്തില്‍ സഹോദരങ്ങളെപ്പോലെ എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാഹോദര്യത്തിന്റെ പൂന്തോട്ടമാണ് എല്ലാ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥ.
മനുഷ്യന്റെ അന്തസ് മാനിക്കപ്പെടുമ്പോള്‍, കണ്ണുനീര്‍ തുടയ്ക്കപ്പെടുമ്പോള്‍, ജോലിക്ക് ന്യായമായ പ്രതിഫലം ലഭിക്കുമ്പോള്‍, വിദ്യാഭ്യാസം ഉറപ്പു നല്‍കുമ്പോള്‍, ആരോഗ്യം സംരക്ഷിക്കപ്പെടുമ്പോള്‍, വൈവിധ്യം വിലമതിക്കപ്പെടുമ്പോള്‍, പ്രകൃതിയെ പുനഃസ്ഥാപിക്കുമ്പോള്‍, നീതി പരിരക്ഷിക്കപ്പെടുമ്പോള്‍, നഷ്ടമായ ഐക്യം ലോകത്തിന്റെ എല്ലാ കോണുകളിലും എങ്ങനെ വീണ്ടും പൂത്തുലയുന്നു എന്നതിന് നമ്മള്‍ സാക്ഷികളാണ്. അപ്പോള്‍ സമൂഹങ്ങള്‍ക്ക് അന്യതാബോധത്തില്‍ നിന്ന് മുക്തി ലഭിക്കുന്നു, ആശങ്കകള്‍ക്ക് അറുതിയും.
സാഹോദര്യത്തില്‍ അടിയുറച്ച സംവാദങ്ങള്‍ ഊര്‍ജം പകരുന്ന പരസ്പരബന്ധങ്ങളോടെ ജീവിക്കാന്‍ നാം തീരുമാനിച്ചിരിക്കുന്നു. 'ഒരേ വിനാശകരമായ ശക്തിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നവരായ' (ഫ്രതേല്ലി തൂത്തി ന. 251, 252) നമുക്ക്, അവയെല്ലാം തന്നെ മറക്കാന്‍ സാധിക്കുന്നവയല്ലെങ്കിലും ക്ഷമയുടെ പാത തിരഞ്ഞെടുത്തു കൊണ്ട് നാം മുന്നോട്ടുപോകുന്നു, കാരണം നാം എല്ലാവരും അവയുടെ പ്രത്യാഘാതങ്ങള്‍ ഒരുപോലെ അനുഭവിക്കുന്നു.
ആധികാരികമായ അനുരഞ്ജനം സംഘര്‍ഷങ്ങളില്‍ നിന്ന് ഓടി അകലുന്നതിലൂടെ അല്ല, മറിച്ച് സംഘര്‍ഷത്തിന്റെ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ തന്നെ തുറവിയുള്ളതും സത്യസന്ധവും ക്ഷമാപൂര്‍ണവുമായ കൂടിയാലോചനകളിലൂടെയാണ് കൈ വരുത്തേണ്ടത് എന്നത്
ഫ്രാന്‍സിസ് മാര്‍പാപ്പയോട് ചേര്‍ന്ന് ഞങ്ങളും പ്രഖ്യാപിക്കുന്നു.
മനുഷ്യാവകാശ ചട്ടക്കൂടിന്റെ പശ്ചാത്തലത്തില്‍, സാഹോദര്യത്തിന്റെ പേരില്‍ ഇതെല്ലാം ലോകത്തോട് വിളിച്ചുപറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇനി ഒരിക്കലും യുദ്ധം വേണ്ട! സമാധാനവും നീതിയും സമത്വവുമാണ് മനുഷ്യരാശിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. നാം ഭയക്കേണ്ടതില്ല, ലൈംഗിക പീഡനവും ഗാര്‍ഹിക പീഡനവും വേണ്ട! എല്ലാ സായുധ സംഘട്ടനങ്ങളും അവസാനിപ്പിക്കണം. ഇനി ആണവായുധങ്ങള്‍ വേണ്ട, കുഴിബോംബുകളും വേണ്ട എന്നാണ് നമ്മള്‍ പറയുന്നത്. നിര്‍ബന്ധിത കുടിയേറ്റങ്ങള്‍, വംശീയ ഉന്മൂലനം, ഏകാധിപത്യം, അഴിമതി, അടിമത്തം എന്നിവ ഇനി നമുക്കു വേണ്ട. സാങ്കേതികവിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും കൃത്രിമത്വം നമുക്ക് ഉപേക്ഷിക്കാം. സാങ്കേതിക വികസന ത്തേക്കാള്‍ ഉപരിയായി എല്ലാവരെയും ആശ്ലേഷിക്കുന്ന സാഹോദര്യത്തെ നമുക്ക് ലക്ഷ്യം വയ്ക്കാം.
സമാധാനത്തിന്റെ ഒരു ആഗോളസമൂഹം നിര്‍മ്മിച്ചെടുക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ രാജ്യങ്ങളെ ആഹ്വാനം ചെയ്യുന്നു, ഉദാഹരണമായി, സമാധാന മന്ത്രാലയങ്ങള്‍ എല്ലാ രാജ്യങ്ങളിലും സ്ഥാപിക്കുന്നതിനെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.
അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും രക്തം പുരണ്ട, സാമൂഹിക അസമത്വങ്ങളാലും അഴിമതികളാലും കറ പുരണ്ട ഭൂമിയെ സുഖപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
വിദ്വേഷത്തെ നമുക്ക് സ്‌നേഹം കൊണ്ട് നേരിടാം. അനുകമ്പ, പങ്കുവയ്ക്കല്‍, ഔദാര്യം, സൗമ്യത, ഉത്തരവാദിത്തം എന്നിവ വ്യക്തിപരമായ സാഹോദര്യത്തെയും, ഹൃദയങ്ങളുടെ ഐക്യത്തെയും പരിപോഷിപ്പിക്കുന്നതാകയാല്‍ അവയെല്ലാം നമുക്ക് മുന്‍ഗണനാപൂര്‍വ്വം തിരഞ്ഞെടുക്കാം.
ആത്മീയ സാഹോദര്യത്തിന്റെ വിത്തുകളുടെ വളര്‍ച്ച ആരംഭിക്കുന്നത് നമ്മുടെ ഉള്ളില്‍ നിന്നാണ്. അതിനാല്‍ നമ്മുടെ വീടുകള്‍, അയല്‍പക്കങ്ങള്‍, സ്‌കൂളുകള്‍, ജോലിസ്ഥലങ്ങള്‍, പൊതു ഇടങ്ങള്‍, അധികാരമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള നമ്മുടെ ബന്ധങ്ങളില്‍ ഓരോ ദിവസവും ഒരു ചെറിയ വിത്ത് നമുക്ക് നട്ടുപിടിപ്പിക്കാം.
എല്ലാവരുടെയും തുല്യമായ അന്തസിനെ അംഗീകരിക്കുന്ന, സൗഹൃദവും സ്വത്തുക്കളും വളര്‍ത്തുന്ന, വിദ്യാഭ്യാസം, തുല്യ അവസരങ്ങള്‍, മാന്യമായ ജോലി, സാമൂഹിക നീതി, ആതിഥ്യമര്യാദ, ഐക്യദാര്‍ഢ്യം, സഹകരണം, സാമൂഹിക സമ്പദ്വ്യവസ്ഥ, നീതിയുക്തമായ പാരിസ്ഥിതിക പരിവര്‍ത്തനം അതോടൊപ്പം തന്നെ ഭക്ഷണലഭ്യത ഉറപ്പുവരുത്തുന്ന സുസ്ഥിരമായ കൃഷി എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന മാനവ സാഹോദര്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ പരസ്പര ബഹുമാനത്തില്‍ അടിസ്ഥാനമിട്ട, ആരെയും ഒഴിവാക്കാതെ എല്ലാവരെക്കുറിച്ചും കരുതലുള്ള, എല്ലാവരുടെയും ക്ഷേമത്തെ ലക്ഷ്യം വെക്കുന്ന, യോജിപ്പുള്ള ബന്ധങ്ങളെ ഞങ്ങള്‍ അനുകൂലിക്കുന്നു.
നിയമനിര്‍മ്മാതാക്കളും സമാധാന സ്ഥാപനത്തിനായി മാധ്യസ്ഥം വഹിക്കുന്നവരും ഈ കാഴ്ചപ്പാടിലൂടെയാണ് പ്രവര്‍ത്തിക്കേണ്ടത്. കാരണം, 'സ്വാതന്ത്രൃവും സമത്വവും വര്‍ദ്ധിപ്പിക്കാനായി, സാഹോദര്യം നമ്മില്‍നിന്നും ആവശ്യപ്പെടുന്നത് മഹത്തായതും ഒഴിവാക്കാനാവാത്തതുമായ കാര്യങ്ങളാണ്.' (ഫ്രതേല്ലി തൂത്തി ന. 103)
ലോകത്തിന്റെ ഭാവി, സൃഷ്ടിയുടെ പരിപാലനം, പ്രകൃതിയുമായുള്ള ലയം, സുസ്ഥിരമായ വികസന ശൈലികള്‍ ഇവയെല്ലാം ഒന്നോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പ്രകൃതിയുമായി സമാധാനത്തില്‍ വര്‍ത്തിക്കാനും പരിസ്ഥിതിയോടുള്ള സാഹോദര്യം കെട്ടിപ്പടുക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസിന്റെ അനശ്വര കാവ്യമായ സൃഷ്ടിജാലങ്ങളുടെ സ്‌തോത്രഗീതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവി കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാര്‍വത്രിക സാഹോദര്യം ഇതിവൃത്തമായുള്ള ഈ സ്‌തോത്രഗീതത്തിന്റെ വാക്കുകള്‍ എല്ലാറ്റിനേയും കൂട്ടിയിണക്കുന്ന തന്തുക്കള്‍ നെയ്‌തെടുക്കുന്നവയാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
അതിനാല്‍, മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ആദ്യ ലോക സമ്മേളനത്തിന്റെ ഈ വേളയില്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി, സഹോദര്യത്തിനു വേണ്ടിയുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സന്മനസുള്ള എല്ലാ സ്ത്രീ പുരുഷന്മാരോടും ആഹ്വാനം ചെയ്യുന്നു. സമാധാനത്തിന്റെയും നീതിയുടെയും സമത്വത്തിന്റേതുമായ ഒരു ലോകത്ത് മാത്രമേ, വരും തലമുറകള്‍ക്ക് അഭിവൃദ്ധി നേടാന്‍ സാധിക്കുകയുള്ളൂ. ഏക മനുഷ്യകുടുംബത്തിന് ഉപകാരപ്രദമായ വിധത്തില്‍, മികച്ച മാനവികത സൃഷ്ടിക്കാന്‍ സാഹോദര്യത്തിലൂടെ മാത്രമേ സാധിക്കൂ.
സാഹോദര്യം ആഗ്രഹിക്കുന്നതിനും പരസ്പര ഐക്യത്തോടെ അത് പടുത്തുയര്‍ത്തുന്നതിനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഈ സ്വപ്നം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനുള്ള ഈ അഭ്യര്‍ത്ഥനയില്‍ ഒപ്പിടാന്‍ ഞങ്ങളോടൊപ്പം പങ്കുചേരൂ. അതുവഴി എല്ലാ നേതാക്കന്മാരുടെയും തങ്ങളുടെ പൗരധര്‍മ്മത്തെക്കുറിച്ച് ഉത്തരവാദിത്തമുള്ള എല്ലാവരുടെയും മനസ്സുകളിലും ഹൃദയങ്ങളിലും ഈ സന്ദേശം എത്തിച്ചേരാന്‍ ഇടയാവുകയും ചെയ്യട്ടെ.
വിശദമായ വായനയ്ക്ക്:
സാഹോദര്യത്തിലൂന്നി മുന്നേറാന്‍ മാര്‍പാപ്പയുടെ ആഹ്വാനം; 'നോട്ട് എലോണ്‍' അന്താരാഷ്ട്ര സമ്മേളനം വത്തിക്കാനില്‍ നടന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26