മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നൊബേല്‍ സമ്മാന ജേതാക്കളും ലോക നേതാക്കളും
വത്തിക്കാന്‍ സിറ്റി: മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനം, 'നോട്ട് എലോണ്‍' (#NotAlone) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്നു. മുപ്പതോളം നോബല്‍ സമ്മാന ജേതാക്കളും പരിസ്ഥിതി, ജീവകാരുണ്യം, വിദ്യാഭ്യാസം മുതലായ വ്യത്യസ്ത മേഖലകളില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന എഴുപത്തിയാറിലധികം സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
മാനവ സാഹോദര്യം എന്ന ഫ്രാന്‍സിസ് പാപ്പയുടെ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ വിശ്രമത്തിലായിരിക്കുന്ന മാര്‍പ്പാപ്പയ്ക്ക് യോഗത്തില്‍ സംബന്ധിക്കാന്‍ സാധിച്ചില്ലെങ്കിലും, പാപ്പായുടെ സന്ദേശം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആര്‍ച്ച് പ്രീസ്റ്റും വത്തിക്കാന്‍ സിറ്റി വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗംബേത്തി വായിച്ചു. യോഗത്തില്‍ സംബന്ധിച്ച എല്ലാവരും തങ്ങളുടെ സാമീപ്യവും പ്രാര്‍ത്ഥനയും പരിശുദ്ധ പിതാവിന് വാഗ്ദാനം ചെയ്തു.
മാനവ സാഹോദര്യത്തെക്കുറിച്ചുള്ള ഈ യോഗത്തില്‍ സംബന്ധിക്കുന്ന, അടുത്തും അകലെയുമുള്ള എല്ലാവരെയും മാര്‍പ്പാപ്പ സ്വാഗതം ചെയ്യുകയും അവരോട് തന്റെ അഗാധമായ നന്ദി അറിയിക്കുകയും ചെയ്തു. ഒരുമിച്ച് നടക്കാനും സാഹോദര്യമനോഭാവത്തോടെ എല്ലാവരെയും വീക്ഷിക്കാനും സ്വര്‍ഗം നമ്മെ ക്ഷണിക്കുന്നതായി പാപ്പാ ഉദ്‌ബോധിപ്പിച്ചു.
'ഫ്രതേല്ലി തൂത്തി' എന്ന തന്റെ ചാക്രിക ലേഖനത്തെ അനുസ്മരിച്ച് മാര്‍പ്പാപ്പ ഇപ്രകാരം പറഞ്ഞു: 'യഥാര്‍ത്ഥ സാഹോദര്യം മനുഷ്യന്റെ അന്തസിനെ അംഗീകരിക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയുണ് കരഗതമാകുന്നത്. മറ്റുള്ളവരെ സഹോദരതുല്യം ചേര്‍ത്തുനിര്‍ത്താന്‍ ഇത് നമ്മെ പ്രാപ്തരാക്കുന്നു.'
സാഹോദര്യം കെട്ടിപ്പടുക്കുക, മറ്റുള്ളവരുമായി അനുരഞ്ജനം നടത്തുക, നമ്മെ വേദനിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക, എല്ലായിടത്തും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും വാക്കുകള്‍ പറയുക എന്നിവയെല്ലാം നാം പരിശീലിക്കേണ്ടതുണ്ട്. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളില്‍ ആര്‍ദ്രതയുടെ ലേപന ഔഷധം പുരട്ടാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
സാഹോദര്യവും സമാധാനവും
ലോകത്തില്‍ സാഹോദര്യവും സമാധാനവും പുലരാനുള്ള ആഗ്രഹത്താല്‍ യോഗത്തില്‍ സന്നിഹിതരായ എല്ലാവരെയും, തന്റെ അഭിനന്ദനങ്ങള്‍ പാപ്പാ അറിയിച്ചു. ജീവിതത്തിന്റെ നാനാ തുറകളിലുള്ള ആളുകളുടെ ഹൃദയസ്പര്‍ശിയായ അഭിമുഖങ്ങളും സാക്ഷ്യങ്ങളും അവരുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളും പങ്കുവയ്ക്കപ്പെട്ടതിലൂടെ സമ്മേളനത്തിന് സര്‍വ്വത്രിക മാനം കൈവന്നു.
യുദ്ധവും ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏല്‍പ്പിച്ച മുറിവുകള്‍ക്കിടയിലും തങ്ങള്‍ക്ക് ലഭിച്ച സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവങ്ങളെ എല്ലാവരും ഊന്നിപ്പറഞ്ഞു. നമ്മുടെ പൊതുമാനവികതയ്ക്ക് സാക്ഷ്യം വഹിക്കാനും സാഹോദര്യത്തിലേക്കുള്ള ക്ഷണത്തിന് കാതോര്‍ക്കാനും അവര്‍ ആഹ്വാനം ചെയ്തു. കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, അര്‍ജന്റീന, ഇസ്രായേല്‍, ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ സമ്മേളനത്തില്‍ പങ്കു ചേര്‍ന്നു.
നോബല്‍ സമ്മാന ജേതാക്കള്‍
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സന്നിഹിതരായിരുന്ന മുപ്പത് നോബല്‍ സമ്മാന ജേതാക്കള്‍ ഒന്നു ചേര്‍ന്ന് നേരത്തെ തയ്യാറാക്കിയ മാനവ സാഹോദര്യത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിന് പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും സമ്മേളനത്തിന്റെ സംഘാടകര്‍ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു. നോബല്‍ സമ്മാന ജേതാക്കളുടെ പ്രതിനിധികളായി, ഡോ. മുഹമ്മദ് യൂനസും ഡോ. നാദിയാ മുറാദും മനുഷ്യ സാഹോദര്യത്തെ കുറിച്ചുള്ള പ്രഖ്യാപനം അവതരിപ്പിച്ചു. മാര്‍പ്പാപ്പക്കു വേണ്ടി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് ഈ പ്രഖ്യാപനരേഖയില്‍ ഒപ്പുവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.