മിനി കൂപ്പര്‍ വിവാദത്തില്‍ അനില്‍ കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കും; ശ്രീനിജനെതിരെയും നടപടി

മിനി കൂപ്പര്‍ വിവാദത്തില്‍ അനില്‍ കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കും; ശ്രീനിജനെതിരെയും നടപടി

കൊച്ചി: മിനി കൂപ്പര്‍ വിവാദത്തില്‍ സിഐടിയു നേതാവ് പി.കെ. അനില്‍ കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കും. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.വി. ശ്രീനിജന്‍ എംഎല്‍എയേയും മാറ്റാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ശ്രീനിജനെതിരെ നടപടിക്ക് കാരണം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ട് സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയത് ശ്രീനിജനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ രണ്ട് കാരണങ്ങളാണ് നടപടികളിലേക്ക് നയിച്ചത്. 

അരക്കോടിയുടെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിന്റെ പേരിലാണ് സിഐടിയു യൂണിയന്‍ നേതാവ് അനില്‍ കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ സിഐടിയു സംസ്ഥാന നേതൃപദവികളില്‍ നിന്ന് അനില്‍ കുമാറിനെ ഒഴിവാക്കിയിരുന്നു. പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു പി.കെ.അനില്‍ കുമാര്‍.

പുതിയ കാറുമായി കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞമാസം അനില്‍ കുമാര്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇന്നോവയടക്കമുള്ള ഉയര്‍ന്ന മോഡല്‍ വാഹനം സ്വന്തമായുള്ളപ്പോഴാണ് പുതിയ കാര്‍ വീട്ടിലെത്തിയത്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എന്തു വാങ്ങിയാലും അതു പാര്‍ട്ടിയെ അറിയിക്കണമെന്നാണ് സിപിഎം അംഗങ്ങള്‍ക്കുള്ള നിര്‍ദേശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നായിരുന്നു അനില്‍ കുമാറിന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.