അമേരിക്കയില്‍ നിന്ന് 31 സായുധ ഡ്രോണുകള്‍ വാങ്ങുന്നു; കരാര്‍ മോഡിയുടെ യുഎസ് സന്ദര്‍ശന വേളയില്‍

അമേരിക്കയില്‍ നിന്ന് 31 സായുധ ഡ്രോണുകള്‍ വാങ്ങുന്നു; കരാര്‍ മോഡിയുടെ യുഎസ് സന്ദര്‍ശന വേളയില്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും സായുധ ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ജനറല്‍ അറ്റോമിക്‌സ് നിര്‍മിച്ച 31 സീഗാര്‍ഡിയന്‍ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ഡ്രോണുകള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) വിലവരും. 

അടുത്ത ആഴ്ച യുഎസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇത് സംബന്ധിച്ച് കരാര്‍ ഒപ്പ് വയ്ക്കും. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ച ശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ഇക്കാര്യത്തില്‍ ലഭിക്കേണ്ടതുണ്ട്. 

ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുള്ളത്. പ്രതിരോധ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുമായി സഹവര്‍ത്തിത്വത്തിനുള്ള സന്നദ്ധത യുഎസ് പ്രകടിപ്പിച്ചിട്ടുമുണ്ട്. 

രണ്ട് വര്‍ഷം മുമ്പേ ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ പ്രതിരോധമന്താലയത്തിന്റെ തീരുമാനം വൈകുകയായിരുന്നു. മോഡിയുടെ നാല് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനുള്ള തീയതി നിശ്ചയിച്ചതോടെ യുഎസ് വീണ്ടും കരാറില്‍ താത്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ നാവികസേനയായിരിക്കും യുഎസില്‍ നിന്ന് വാങ്ങുന്ന ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുക. സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി 2020 നവംബര്‍ മുതല്‍ ഈ ശ്രേണിയില്‍പ്പെട്ട ഡ്രോണുകള്‍ വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉപയോഗിച്ചുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.