മോന്‍സണ്‍ കേസില്‍ കെ. സുധാകരന് ആശ്വാസം; 21 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മോന്‍സണ്‍ കേസില്‍ കെ. സുധാകരന് ആശ്വാസം; 21 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മോന്‍സണ്‍  മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ.സുധാകരന് താല്‍ക്കാലിക ആശ്വാസം. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി 21 ന് പരിഗണിക്കാന്‍ മാറ്റി. അതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി അറിയിച്ചു.

സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. സാഹചര്യത്തിനനുസരിച്ചേ അത് പറയാനാകൂ പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഇതോടെ കേസ് 21 ലേക്ക് പരിഗണിക്കാന്‍ മാറ്റുകയും അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിക്കുകയുമായിരുന്നു. പത്ത് ലക്ഷത്തോളം രൂപ മോന്‍സണ്‍  മാവുങ്കലിന്റെ സാന്നിധ്യത്തില്‍ കെ. സുധാകരന്‍ കൈപ്പറ്റി എന്നാണ് കേസ്.

അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് കെ സുധാകരന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരെയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹ മാധ്യമത്തില്‍ തന്റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും അഡ്വ. മാത്യു കുഴല്‍നാടന്‍ മുഖേന ഫയല്‍ ചെയ്ത ജാമ്യാപേക്ഷയില്‍ പറയുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും 23 ന് മാത്രമേ ഹാജരാകാന്‍ കഴിയുള്ളുവെന്ന് സുധാകരന്‍ അറിയിച്ചു. പിന്നാലെ ക്രൈം ബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.