മഹാരാഷ്ട്ര ട്രെയിന്‍ സ്‌ഫോടനക്കേസ് പ്രതിയും മലയാളിയുമായ മുന്‍ സിമി നേതാവ് കാം ബഷീര്‍ കാനഡയില്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ട്രെയിന്‍ സ്‌ഫോടനക്കേസ് പ്രതിയും മലയാളിയുമായ മുന്‍ സിമി നേതാവ് കാം ബഷീര്‍ കാനഡയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സിമി നേതാവും 2003 ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്ഫോടന കേസിലെ പ്രതിയുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റില്‍. ഇന്റര്‍പോള്‍ വലയിലായെന്നാണ് സൂചന. ബഷീറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പൊലീസ് ഇന്ന് തുടങ്ങി.
മുലുന്ദിലെ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സ്‌ഫോടനത്തിന്റെ ആസൂത്രകനായിരുന്നു കാം ബഷീര്‍.

കാനഡയില്‍ ഇയാള്‍ വര്‍ഷങ്ങളായി മറ്റൊരു പേരിലാണ് ജീവിച്ചത്. ഇയാളെ കൃത്യമായി തിരിച്ചറിയല്‍ നടത്തുന്നതിന് ബന്ധുക്കളുടെ രക്തസാമ്പിള്‍ പരിശോധിക്കണമെന്ന് മുംബൈ ക്രൈംബ്രാഞ്ചിന്റെ ആവശ്യം വിചാരണക്കോടതി അംഗീകരിച്ചു. ഇതേ തുടര്‍ന്ന് കാം ബഷീറിന്റെ ആലുവയില്‍ താമസിക്കുന്ന സഹോദരി സുഹ്‌റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തും.

ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും അത് വിലപ്പോയില്ല. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്.

പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ കാം ബഷീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്റര്‍പോള്‍ വലയിലായെന്നാണ് സൂചന. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയ്ക്കെതിരെ നേരത്തെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേരളത്തിലാണ് കാം ബഷീര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രതി ജനിച്ചു വളര്‍ന്നത്. എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്ന ബഷീര്‍ പിന്നീട് നിരോധിത സംഘടനയായ സിമിയില്‍ ചേര്‍ന്നു. സിമിയുടെ ദേശീയ അധ്യക്ഷന്‍ എന്ന പദവിയിലേക്ക് വരെ ഇയാള്‍ ഉയര്‍ന്നു. 90 കളില്‍ പാകിസ്ഥാനില്‍ അഭയം തേടിയെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ 50 മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലും ബഷീര്‍ ഉള്‍പ്പെട്ടിരുന്നു. പാകിസ്ഥാന്റെ ഐഎസ്‌ഐ പരിശീലന ക്യാമ്പില്‍ പരിശീലനം നേടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ അംഗങ്ങളില്‍ ഒരാളാണ് കാം ബഷീര്‍.

ബഷീര്‍ പാകിസ്ഥാനില്‍ നിന്നും പിന്നീട് ഷാര്‍ജയില്‍ എത്തി. അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തിലെ മുന്‍ സിമി പ്രവര്‍ത്തകരുമായി കാം ബഷീര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. നല്ല സമ്പന്നനായിരുന്നതിനാല്‍ ഇയാള്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് അവിടെ നിന്നും കാനഡയിലേക്കും എത്തിപ്പെട്ടു. സൗദിയില്‍ തീവ്രവാദസെല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. അവിടെ നിരവധി യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തു.

പ്രതിയ്ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എയര്‍പോര്‍ട്ട് അധികൃതര്‍ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതോടെ പിടികൂടുകയും ചെയ്തുവെന്ന് ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

മുംബൈയെ നടുക്കിയ മൂന്ന് തീവ്രവാദ സ്‌ഫോടനങ്ങളുടെ പിന്നിലും കാം ബഷീറിന്റെ കരങ്ങളുണ്ടെന്ന് തെളിഞ്ഞു. 2002 ഡിസംബര്‍ ആറിനാണ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സ്ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003 ജനുവരി 27ന് മുംബൈയിലെ വൈല്‍ പാര്‍ലെയിലും സ്ഫോടനം നടന്നിരുന്നു. 2003 മാര്‍ച്ച് 13 നാണ് മൂന്നാമത്തെ സ്ഫോടനം നടന്നത്. മുലുന്ദിലെ ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു സ്ഫോടനം. നിറയെ ആളുകളെ കുത്തിനിറച്ച ട്രെയിന്‍ സ്‌ഫോടനത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിന് ആര്‍ഡിഎക്‌സും പെട്രോളിയം ഓയിലും ഉപയോഗിച്ചിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഈ കേസില്‍ പിടിയിലായ പ്രതികളാണ് ഈ കൃത്യത്തിന് തങ്ങളെ പ്രേരിപ്പിച്ചത് കാം ബഷീറാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോട്ട (POTA -prevention of terrorism act) നിയമത്തിന് കീഴില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണത്തില്‍ ബഷീറിന് ഈ സ്ഫോടനത്തില്‍ മുഖ്യ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. 2016 ഏപ്രില്‍ മാസത്തില്‍ കേസിലെ പ്രതികളായ 13 പേരില്‍ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചു. ഇതില്‍ പിടിക്കപ്പെടാതിരുന്ന പ്രതികളില്‍ മുഖ്യനായ കാം ബഷീറാണ് ഇപ്പോള്‍ വലയിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.