സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 60 ശതമാനം കുറവ്; മഴ ശക്തമായില്ലെങ്കില്‍ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെ സ്ഥിതി ഗുരുതരമാകും

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 60 ശതമാനം കുറവ്; മഴ ശക്തമായില്ലെങ്കില്‍ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെ സ്ഥിതി ഗുരുതരമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ കേരളം കടുത്ത പ്രതിസന്ധിയിലേക്കു പോകുമെന്നു വിദഗ്ധര്‍. കാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ മഴ ശക്തമായിട്ടില്ല. ഇന്നു മുതല്‍ ശക്തിപ്പെടുമെന്നാണ് വിലയിരുത്തലെങ്കിലും അതുണ്ടായില്ലെങ്കില്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെ സംസ്ഥാനത്തിനു നേരിടേണ്ടി വന്നേക്കും.

ജൂണ്‍ നാലിന് കാലവര്‍ഷം ശക്തമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് കാലവര്‍ഷം എത്തിയില്ല. എത്തിയപ്പോള്‍ ആകട്ടെ മഴയില്‍ വലിയ കുറവും റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചകൊണ്ട് 345.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 139.5 മില്ലിമീറ്റര്‍ മാത്രമാണ് കേരളത്തില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 60 ശതമാനം കുറവാണിത്.

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും 60 മുതല്‍ 75 ശതമാനം വരെ കുറവ് മഴയാണ് കിട്ടിയത്. കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലെല്ലാം വന്‍ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷത്തിനു മുന്നോടിയായുള്ള വേനല്‍മഴയും ഇത്തവണ കുറവായിരുന്നു. 345 മില്ലിമീറ്റര്‍ ലഭിക്കേണ്ടിയിരുന്നത് 236.4 മില്ലിമീറ്റര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം 34 ശതമാനം കുറവാണിത്.

മലബാര്‍ മേഖലയില്‍ വലിയതോതിലാണ് വേനല്‍മഴ കുറഞ്ഞത്. അതോടൊപ്പം ഇപ്പോഴത്തെ കുറവുകൂടി ആകുമ്പോള്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം വരും നാളുകളില്‍ കാലവര്‍ഷം ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വകുപ്പ്. ഇന്നാരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള കുറവ് വരും ദിവസങ്ങളില്‍ മറികടക്കാം.

കേരളത്തില്‍ കാലവര്‍ഷം എത്തിയ ഉടന്‍ ബിപോര്‍ജോയി ചുഴലിക്കാറ്റ് രൂപംകൊണ്ടതാണ് മഴ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കാറ്റ് ശക്തമാകുകയും മഴ കനക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.